‘ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെ വിജയം, ഇത് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരുമിച്ച് ആഘോഷിക്കാനുള്ള സമയം’ – ദീപാവലി ആശംസകളുമായി ട്രംപ്, മോദിക്കും പുകഴ്ത്തൽ

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ സമൂഹത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരുമിച്ച് ആഘോഷിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ദീപാവലി ആഘോഷങ്ങളില്‍ യുഎസ് പങ്കെടുക്കുകയും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ക്കും ഊഷ്മളമായ ആശംസകള്‍ നേരുകയും ചെയ്തു.

ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ നടന്ന പ്രത്യേക ദീപാവലി പരിപാടി വിളക്ക് കൊളുത്തിയാണ് ട്രംപ് ആഘോഷിച്ചത്. ട്രംപിനൊപ്പം യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്രയും പങ്കെടുത്തിരുന്നു. കൂടാതെ, ഇന്ത്യന്‍ വംശജരായ എഫ്ബിഐ മേധാവി കാഷ് പട്ടേല്‍, ഇന്റലിജന്‍സ് മേധാവി തുളസി ഗബ്ബാര്‍ഡ്, ഇന്ത്യയിലെ പുതിയ യുഎസ് പ്രതിനിധി സെര്‍ജിയോ ഗോര്‍, ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസ്സ് നേതാക്കള്‍ എന്നിവരും പങ്കെടുത്തിരുന്നു.

‘ഇന്ന്, ‘ദീപങ്ങളുടെ ഉത്സവം’ എന്ന ദീപാവലി ആഘോഷിക്കുന്ന ഓരോ അമേരിക്കക്കാരനും ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. പല അമേരിക്കക്കാര്‍ക്കും, ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെ വിജയത്തിന്റെ കാലാതീതമായ ഓര്‍മ്മപ്പെടുത്തലാണ് ദീപാവലി. ആഘോഷിക്കുന്നതിനും, പ്രത്യാശയില്‍ നിന്ന് ശക്തി നേടുന്നതിനും, ശാശ്വതമായ നവീകരണ ചൈതന്യം സ്വീകരിക്കുന്നതിനും കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുമിച്ച് കൊണ്ടുവരാനുള്ള സമയം കൂടിയാണിത്,’ യുഎസ് പ്രസിഡന്റ് പറഞ്ഞു. ‘ദശലക്ഷക്കണക്കിന് പൗരന്മാര്‍ ദീപങ്ങളും വിളക്കുകളും കൊളുത്തുമ്പോള്‍, നന്മ എപ്പോഴും തിന്മയുടെ മേല്‍ വിജയിക്കുമെന്ന നിത്യ സത്യത്തില്‍ നാം സന്തോഷിക്കുന്നു. ദീപാവലി ആഘോഷിക്കുന്ന ഓരോ അമേരിക്കക്കാരനും, ഈ ആചരണം നിത്യ ശാന്തതയും, സമൃദ്ധിയും, പ്രത്യാശയും, സമാധാനവും നല്‍കട്ടെ,’ അദ്ദേഹം തന്റെ ആശംസയില്‍ കൂട്ടിച്ചേര്‍ത്തു.

സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപുകഴ്ത്തുകയും ഇന്ത്യ-പാക് സംഘര്‍ഷത്തെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. മോദി മികച്ചൊരു മനുഷ്യനാണെന്നും തൻെറ നല്ല സുഹൃത്താണെന്നും ട്രംപ് പറഞ്ഞു. ‘ഞാന്‍ ഇന്ന് നിങ്ങളുടെ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഒരു മികച്ച സംഭാഷണം നടത്തി. ഞങ്ങള്‍ വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു… അദ്ദേഹത്തിന് അതില്‍ വളരെ താല്‍പ്പര്യമുണ്ട്. പാകിസ്ഥാനുമായി യുദ്ധങ്ങള്‍ പാടില്ല എന്നതിനെക്കുറിച്ച് ഞങ്ങള്‍ കുറച്ച് മുമ്പ് സംസാരിച്ചിരുന്നു. പാകിസ്ഥാനുമായും ഇന്ത്യയുമായും നമുക്ക് യുദ്ധമില്ല. അത് വളരെ വളരെ നല്ല കാര്യമായിരുന്നു,’ ട്രംപ് ചടങ്ങില്‍ പറഞ്ഞു.

Trump participated in Diwali celebrations at the White House on Tuesday.

More Stories from this section

family-dental
witywide