
ന്യൂയോർക്ക്: ആഗോളതലത്തിൽ ആശങ്കയായിട്ടുള്ള യുക്രൈൻ – റഷ്യ യുദ്ധത്തിനിടെ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങിയതിന് ഇന്ത്യയ്‌ക്കെതിരെ തീരുവ ഉയർത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. 25 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് ട്രംപിൻ്റെ പുതിയ ഭീഷണി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പുതിയ ഭീഷണി.
“ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും ഓപ്പൺ മാർക്കറ്റിൽ വലിയ ലാഭത്തിന് വിൽക്കുകയും ചെയ്യുന്നു. റഷ്യൻ യുദ്ധ യന്ത്രം ഉക്രെയ്നിൽ എത്ര പേരെ കൊല്ലുന്നുണ്ടെങ്കിലും അവർക്ക് പ്രശ്‌നമില്ല. ഇക്കാരണത്താൽ, ഇന്ത്യ യുഎസ്എയ്ക്ക് നൽകുന്ന താരിഫ് ഞാൻ ഗണ്യമായി ഉയർത്തും. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!!!”
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുന്നതും ദീർഘകാലമായി നിലനിൽക്കുന്ന വ്യാപാര തടസ്സങ്ങളുമാണ് ഇന്ത്യയ്ക്ക് മേൽ ട്രംപ് ഭരണകൂടം 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തിയിരിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ താരിഫ് പ്രാബല്യത്തിൽ വന്നിരുന്നു.