
കയ്‌റോ: ഗാസ സമാധാന ഉച്ചകോടിക്കിടെ പാക് സൈനിക മേധാവി അസിം മുനീറുമായുള്ള തന്റെ അടുപ്പം ലോകത്തോട് വിളിച്ചുപറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അസിം മുനീര്‍ തന്റെ പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍ ആണെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഈജിപ്തില്‍ ഗാസ സമാധാന കരാര്‍ ഒപ്പുവച്ച രാജ്യാന്തര ഉച്ചകോടിയില്‍ പ്രസംഗിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ക്ഷണിക്കുന്നതിനിടയിലായിരുന്നു ട്രംപിന്റെ ഈ പുകഴ്ത്തല്‍.
ഉച്ചകോടിയില്‍ അസിം മുനീര്‍ പങ്കെടുത്തിരുന്നില്ല. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് ട്രംപിന്റെ വാക്കുകള്‍. ‘പാകിസ്താന്‍ പ്രധാനമന്ത്രി ഷെരീഫ്.. എന്റെ പ്രിയപ്പെട്ട പാകിസ്താനിലെ ഫീല്‍ഡ് മാര്‍ഷല്‍, അദ്ദേഹം ഇവിടെയില്ല.. പക്ഷേ പ്രധാനമന്ത്രി ഇവിടെയുണ്ട്”, ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ഷെഹബാസ് ഷെരീഫിനെ ക്ഷണിക്കുന്നതിനിടെയായിരുന്നു ഈ പരാമര്‍ശം. കിട്ടിയ അവസരം മുതലാക്കി പാക് പ്രധാനമന്ത്രി ട്രംപിനെ വാനോളം പുകഴ്ത്തുകയും ചെയ്തു.