150 ശതമാനം തീരുവയെ ട്രംപ് പരസ്യമായി വിമർശിച്ചു, പിന്നാലെ വമ്പൻ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യ; ബർബൺ വിസ്കിക്ക് ഇന്ത്യയിൽ ശുക്രനടിച്ചു

ന്യൂയോർക്ക്: ബർബൺ വിസ്കിയുടെ 150 ശതമാനം ഇറക്കുമതി തീരുവക്കെതിരെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പരസ്യമായി വിമർശനമുന്നയിച്ചതിന് പിന്നാലെ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യ. ഒറ്റയടിക്ക് 50 ശതമാനം ഇളവാണ് ഇന്ത്യ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെയായിരുന്നു തീരുമാനം. 150 ശതമാനം ഇറക്കുമതി തീരുവ അന്യായമെന്നായിരുന്നു ട്രംപ് അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ ഇന്ത്യ, അമേരിക്കൻ നിർമ്മിത വിസ്കിയുടെ തീരുവ 150 ൽ നിന്ന് 100 ആയി കുറക്കുകയായിരുന്നു. ബർബണിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 50% ആയിരിക്കും, 50% അധിക ലെവി കൂടി ഉൾപ്പെടുത്തുമ്പോൾ ആണ് തീരുവ 100% ആകുക.

ഇന്ത്യയിലെ മദ്യ ഇറക്കുമതിയുടെ നാലിലൊന്ന് അല്ലെങ്കിൽ 25 ശതമാനം അമേരിക്കൻ ബർബൺ വിസ്കിയാണ്. 2023-24 ൽ ഇന്ത്യ 2.5 മില്യൺ യു എസ് ഡോളറിന്റെ ബർബൺ വിസ്കികൾ ഇറക്കുമതി ചെയ്തിരുന്നു. ബർബൺ വിസ്കി അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പ്രശസ്തമായ തദ്ദേശീയ മദ്യമാണ്. ഇത് ചോളം, റൈ അല്ലെങ്കിൽ ഗോതമ്പ്, മാൾട്ട് എന്നിവയിൽ നിന്നാണ് നിർമ്മിക്കുന്നത്. ഏറ്റവും കുറഞ്ഞത് 51 ശതമാനം ധാന്യം അടങ്ങിയിരിക്കുന്നതാണ് ബർബൺ വിസ്കികൾ. സ്കോച്ച് വിസ്‌കി സാങ്കേതികമായി സ്കോട്ട്‌ലൻഡിൽ മാത്രമേ നിർമ്മിക്കാൻ കഴിയൂ എന്നതുപോലെ, ബർബൺ വിസ്‌കിയും സാങ്കേതികമായി അമേരിക്കയിൽ മാത്രമേ നിർമ്മിക്കാൻ കഴിയു. സ്വാഭാവികമായി ലഭിക്കുന്നതല്ലാത്ത കൃത്രിമ നിറമോ മണമോ രുചിയോ പിന്നീട് ഇതില്‍ ചേര്‍ക്കുന്നില്ല എന്നതാണ് പ്രത്യേകത.

ജാക്ക് ഡാനിയേൽസ്, ജിം ബീം, വുഡ്‌ഫോർഡ് റിസർവ്, മേക്കേഴ്‌സ് മാർക്ക്, ജെന്റിൽമാൻ ജാക്ക്, ഓൾഡ് ഫോറസ്റ്റർ എന്നിവയാണ് ഇന്ത്യയിൽ ലഭ്യമായ പ്രധാന ബർബൺ വിസ്‌കി ബ്രാൻഡുകൾ. കെന്റകി സംസ്ഥാനത്തെ ബർബൺ കൗണ്ടിയില്‍ 1800 കളിലാണ് ബർബൺ വിസ്‌കി ആദ്യമായി നിര്‍മ്മിക്കുന്നത്. 1964 ൽ ബർബണിനെ യു എസ് കോൺഗ്രസ് ‘ അമേരിക്കയുടെ സവിശേഷ ഉൽപ്പന്നം ‘ ആയി അംഗീകരിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ ബർബൺ ഡിസ്റ്റിലറുകളുള്ളത് കെന്റക്കി, ടെന്നസി സംസ്ഥാനങ്ങളിലാണ്.

More Stories from this section

family-dental
witywide