‘കുറച്ച് പ്രശ്നങ്ങൾ മാത്രം ബാക്കി’, ‘ചർച്ച ഫലപ്രദം’: ട്രംപ് – പുടിൻ കൂടിക്കാഴ്ച അവസാനിച്ചു, പ്രതീക്ഷയോടെ ലോകം

അലാസ്ക : യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കുമേല്‍ യുഎസിന്റെ സമ്മര്‍ദം മുറുകുന്ന പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച അവസാനിച്ചു. അന്തിമ കരാറിലെത്താനായില്ലെങ്കിലും ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ തന്നെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടച്ചിട്ടമുറിയില്‍ മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇരു നേതാക്കന്‍മാരുടെയും വാര്‍ത്താ സമ്മേളനം

ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങൾ സംബന്ധിച്ച് യുക്രെയ്‌ൻ പ്രസിഡന്റ് സെലെൻസ്കിയുമായും നാറ്റോ രാജ്യങ്ങളുമായും ഉടൻ സംസാരിക്കുമെന്നും അതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ട്രംപ് വ്യക്‌തമാക്കി.

ചര്‍ച്ചയിലുണ്ടായ പുരോഗതിയെ ഇല്ലാതാക്കുന്ന നീക്കങ്ങള്‍ക്ക് യുക്രെയ്നോ യൂറോപ്യന്‍ രാജ്യങ്ങളോ മുതിരരുതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുക്രൈന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ദീര്‍ഘകാലത്തേക്കുള്ള സമാധാനം ഉണ്ടാവണമെങ്കില്‍ ഈ സംഘര്‍ഷങ്ങളുടെ മൂലകാരണങ്ങള്‍ ഇല്ലാതാവണം. യുക്രൈന്‍ തങ്ങളുടെ സഹോദര രാജ്യമാണ്. യുക്രൈന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന കാര്യത്തില്‍ താന്‍ പ്രസിഡന്റ് ട്രംപിനോട് യോജിക്കുന്നു. ഇന്ന് തങ്ങള്‍ എത്തിച്ചേര്‍ന്ന ധാരണകള്‍ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള പാത തുറക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും പുടിന്‍ പറഞ്ഞു.

മൂന്നര വർഷമായി തുടരുന്ന യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗം തേടിയാണ് ട്രംപും പുട്ടിനും തമ്മിൽ ചർച്ച നടത്തിയത്.

അലാസ്കയിലെ ആങ്കെറിജിലുള്ള ജോയിന്റ് ബേസ് എൽമണ്ടോർഫ്–റിച്ചഡ്സണിൽ നടന്ന ചർച്ചയിൽ ഡോണൾഡ് ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേകദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പങ്കെടുത്തു. വ്ലാഡിമിർ പുട്ടിനൊപ്പം വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ്, വിദേശകാര്യ നയവിദഗ്ധൻ യൂറി ഉഷകോവ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ഉപദേശകരില്ലാതെ അടച്ചിട്ട മുറിയില്‍ ഒറ്റയ്ക്ക് ചര്‍ച്ച നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുടിനും ട്രംപും കാണുന്നത്.

വ്യോമത്താവളത്തില്‍ നേരിട്ടെത്തിയാണ് ട്രംപ് പുടിനെ സ്വീകരിച്ചത്. ട്രംപിന്റെ ഔദ്യോഗിക വാഹനമായ ‘ബീസ്റ്റ്’ കാറില്‍ കയറിയാണ് പുടിന്‍ ചര്‍ച്ചാ വേദിയിലേക്ക് പോയത്.

കനത്തസുരക്ഷാവലയത്തിലാണ് ഉച്ചകോടി നടന്നത്. ചര്‍ച്ചനടക്കുന്ന മുറിക്കുപുറത്ത് തുല്യഎണ്ണം യുഎസ്-റഷ്യന്‍ സുരക്ഷാ ഏജന്റുമാര്‍ നിലയുറപ്പിച്ചിരുന്നു.

Trump Putin Hold Very Productive Meeting At Alaska

More Stories from this section

family-dental
witywide