
വാഷിംഗ്ടൺ: ഹിലരി ക്ലിന്റനെ ഇഷ്ടപ്പെടാൻ തുടങ്ങേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ ട്രംപ് വിജയിച്ചാൽ, അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് മുൻ എതിരാളിയായിരുന്ന ഹിലരി ക്ലിന്റൺ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹിലരി ക്ലിന്റനെ ഇഷ്ടപ്പെടാൻ തുടങ്ങേണ്ടി വരുമെന്ന്’ ട്രംപ് പ്രതികരിച്ചത്.
എയർ ഫോഴ്സ് വണ്ണിൽ വെച്ച് അമേരിക്കൻ പത്രപ്രവർത്തകൻ ബ്രെറ്റ് ബെയറുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിന് വഴങ്ങാതെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് കഴിഞ്ഞാൽ അദ്ദേഹത്തെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് ഹിലരി ക്ലിന്റൺ പറഞ്ഞത് ബെയർ ട്രംപിനെ ഓർമ്മിപ്പിച്ചു. ഇതിന് മറുപടിയായാണ് ട്രംപിൻ്റെ ഈ പ്രതികരണം. നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യാനുള്ള ഹിലരി ക്ലിന്റൻ്റെ വാഗ്ദാനം ട്രംപിന് ഒരു മികച്ച നയതന്ത്രപരമായ വിജയം നേടാനുള്ള അവസരമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ഡോണൾഡ് ട്രംപ് വിജയിച്ചാൽ, അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് 2016 ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ ട്രംപിന്‍റെ എതിരാളിയായിരുന്ന ഹിലരി ക്ലിന്റൺ. യുക്രൈന്റെ ഒരു പ്രദേശവും റഷ്യക്ക് വിട്ടുകൊടുക്കാതെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് കഴിഞ്ഞാൽ മാത്രമായിരിക്കും ഈ ശുപാർശയെന്ന നിബന്ധനയും മുൻ പ്രഥമ വനിത മുന്നോട്ടുവച്ചിട്ടുണ്ട്. ‘റേജിംഗ് മോഡറേറ്റ്സ്’ എന്ന പോഡ്കാസ്റ്റിൽ ജെസ്സിക്ക ടാർലോവിനോട് സംസാരിക്കവെയാണ് ഹിലരി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. “റഷ്യൻ ആക്രമണകാരിക്ക് ഒരു പ്രദേശവും വിട്ടുകൊടുക്കാതെ യുക്രൈനെ സംരക്ഷിച്ച്, പുടിനെതിരെ ശക്തമായി നിലകൊണ്ട് ഈ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് കഴിഞ്ഞാൽ, ഞാൻ അദ്ദേഹത്തെ നൊബേൽ സമാധാന സമ്മാനത്തിന് ഉറപ്പായും ശുപാർശ ചെയ്യും,” അവർ പറഞ്ഞു.
അതേസമയം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചപ്പോൾ സമാധാന കരാറിൽ ധാരണയായില്ല. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ വിഷയത്തിൽ ധാരണയാകാതെയാണ് ചർച്ച അവസാനിച്ചത്. പല കാര്യങ്ങളിലും ധാരണയായി എന്നും എന്നാൽ അന്തിമ കരാറിലേക്കെത്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി. നാറ്റോ രാജ്യങ്ങളുമായി ഉടൻ സംസാരിക്കും. അതിന് ശേഷം തുടർനടപടിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.