ടോക്യോ: ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് വീണ്ടും ആവർത്തിച്ച് ഡോണാൾഡ് ട്രംപ്. ടോക്യോയിൽ വെച്ച് അമേരിക്കൻ, ജാപ്പനീസ് ബിസിനസ് നേതാക്കളോടൊപ്പമുള്ള അത്താഴത്തിനിടെയാണ് ട്രംപ് വീണ്ടും ഇക്കാര്യത്തിൽ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യ-പാക് സംഘർഷത്തിനിടയിൽ ഏഴ് പുതിയ വിമാനങ്ങൾ വെടിവെച്ചിട്ടിരുന്നുവെന്ന അവകാശവാദവും ട്രംപ് ആവർത്തിച്ചു. എന്നാൽ, ഏഴ് വിമാനങ്ങൾ നഷ്ടപ്പെട്ടത് ആർക്കാണെന്ന് ട്രംപ് വ്യക്തമാക്കിയില്ല.
ഈ വർഷം മെയ് ഏഴു മുതൽ 10 വരെ അതിർത്തിയിലുണ്ടായ ഇന്ത്യ- പാക് സൈനിക ഏറ്റുമുട്ടലിൽ ഏഴ് പുതിയ മനോഹരമായ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ ഇരു രാജ്യങ്ങളുമായും യുഎസ് ഒരു വ്യാപാരവും നടത്തില്ലെന്ന് താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാകിസ്‌താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോടും പാക് സൈന്യത്തിലെ ഫീൽഡ് മാർഷൽ അസിം മുനീറിനോടും പറഞ്ഞതായി ട്രംപ് അവകാശപ്പെടുന്നു.
തൻ്റെ വാക്കുകൾ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തലിന് കാരണമായെന്നും അത് അത്ഭുതകരമായിരുന്നുവെന്നും പറഞ്ഞ ട്രംപ്, ആണവായുധങ്ങളുള്ള ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു വലിയ സംഘർഷം ഒഴിവാക്കാൻ താൻ വ്യാപാര ബന്ധം ഉപയോഗിച്ചുവെന്നും ആവർത്തിച്ചു. അതേസമയം, ഇത്യ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന യുഎസ് പ്രസിഡൻ്റിന്റെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞു. പാകിസ്താനിൽ നിന്ന് നേരിട്ടുള്ള അഭ്യർത്ഥന ലഭിച്ചതിനെ തുടർന്നാണ് മെയ് 10-ന് വെടിനിർത്തലിന് സമ്മതിച്ചതെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ ഏഴ് വിമാനങ്ങൾ വെടിവെച്ചിട്ടെന്ന് പാകിസ്താനും അവകാശവാദം ഉന്നയിച്ചിരുന്നു.
എന്നാലിത് കെട്ടുകഥകളാണെന്നും പറഞ്ഞ് വ്യോമസേനാ മേധാവി പാക് വാദം തള്ളിക്കളഞ്ഞിരുന്നു. സംഘർഷത്തിൽ എഫ്-16, ജെഎഫ്-17 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ പാകിസ്‌താൻ്റെ 12ഓളം വിമാനങ്ങൾ ഇന്ത്യൻ വ്യോമസേന നിർവീര്യമാക്കിയതായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.














