
വാഷിങ്ടണ്‍ ഡിസി: ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ഉറപ്പു നല്‍കിയെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ഇന്ത്യ ഇനി റഷ്യന്‍ എണ്ണ വാങ്ങില്ല. ഹംഗറി ഒരുതരം കുരുക്കിലാണ്, കാരണം അവര്‍ക്ക് ഒരു പൈപ്പ്ലൈന്‍ മാത്രമേയുള്ളൂ. അവര്‍ ഉള്‍പ്രദേശത്താണ്. അവര്‍ക്ക് കടലില്ല. പക്ഷെ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ല,’ ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമൊത്തുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് തന്റെ അവകാശവാദത്തില്‍ ട്രംപ് ഉറച്ചു നിന്നത്.
കഴിഞ്ഞ ദിവസം ട്രംപ് ഇതേ പ്രസ്താവന നടത്തിയപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അതിനെ തള്ളി രംഗത്ത് വന്നിരുന്നു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടന്നിട്ടില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ട്രംപിന്റെ പ്രസ്താവനകളെക്കുറിച്ച് ചോദ്യങ്ങള്‍ക്ക് മറുപടിയായി, ‘പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും തമ്മില്‍ സംഭാഷണമോ ടെലിഫോണ്‍ വിളിയോ ഉണ്ടായിട്ടില്ല. ഇന്നലെ ഇരു നേതാക്കള്‍ക്കിടയില്‍ സംഭാഷണം നടന്നതായി എനിക്കറിയില്ല’ എന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞത്. മാത്രമല്ല, ഇരു നേതാക്കള്‍ക്കുമിടയില്‍ അവസാന ഔദ്യോഗിക ആശയവിനിമയം ഒക്ടോബര്‍ 9-നാണ് നടന്നതെന്നും ജയ്‌സ്വാള്‍ വ്യക്തമാക്കിയിരുന്നു. അന്ന് പ്രധാനമന്ത്രി മോദി ട്രംപിനെ ഗാസ സമാധാന പദ്ധതിയുടെ വിജയത്തില്‍ അഭിനന്ദിക്കാനാണ് വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് എനിക്ക് സന്തോഷം നല്‍കിയിരുന്നില്ല. അവര്‍ ഇനി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് ഇന്ന് അദ്ദേഹം ( പ്രധാനമന്ത്രി മോദി ) ഉറപ്പുനല്‍കി. അതൊരു വലിയ ചുവടുവെപ്പാണ്. ഇപ്പോള്‍ ചൈനയെയും ഇത് ചെയ്യാന്‍ പ്രേരിപ്പിക്കണം,’ ഇതായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. താന്‍ മോദിയുമായി ഫോണില്‍ സംസാരിച്ചെന്ന് സൂചിപ്പിക്കുന്നതായിരുന്നു ട്രംപിന്റെ വാക്കുകള്‍.
Trump reiterates claim that India has promised to stop buying Russian oil