ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ മോദിയുമായി സംസാരിച്ചു, ‘5 മണിക്കൂറിനുള്ളില്‍’ സമാധാനത്തിന് മധ്യസ്ഥത വഹിച്ചു-ആവര്‍ത്തിച്ച് ട്രംപ്

ന്യൂഡല്‍ഹി : ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചതായും ‘5 മണിക്കൂറിനുള്ളില്‍’ സമാധാനത്തിന് മധ്യസ്ഥത വഹിച്ചതായും വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. തന്റെ ഇടപെടല്‍ ഇരു രാജ്യങ്ങളെയും യുദ്ധത്തിന്റെ വക്കില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതരാക്കി എന്നും അദ്ദേഹം അവകാശ വാദം ഉന്നയിച്ചു.

മന്ത്രിസഭാ യോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ഇന്ത്യയുടെ കാര്യം ട്രംപ് വീണ്ടും ഓര്‍മ്മപ്പെടുത്തിയത്. മെയ് മാസത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ ശത്രുതയുടെ മൂര്‍ദ്ധന്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണം താന്‍ നടത്തുന്നതിനു മുമ്പുവരെ അവര്‍ യുദ്ധവുമായി മുന്നോട്ട് പോകാന്‍ തയ്യാറായിരുന്നു’ എന്നും താന്‍ ഇടപെട്ട് സംസാരിച്ചതിനുശേഷമാണ് യുദ്ധം ഒഴിവായതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇന്ന് പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ട്രംപിന്റെ പുതിയ താരിഫ് നടപടികള്‍ക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ പരാമര്‍ശങ്ങള്‍ വന്നത് എന്നതും ശ്രദ്ധേയം. ഇന്നുമുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ മൊത്തത്തിലുള്ള താരിഫ് ഭാരം ഏകദേശം 50 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട് ഡോണള്‍ഡ് ട്രംപ്.

ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇടപെട്ടെന്ന ആവര്‍ത്തിച്ചുള്ള അവകാശവാദം അദ്ദേഹം ഉന്നയിക്കുമ്പോള്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഒപ്പമുണ്ടായിരുന്നു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് പറഞ്ഞപ്പോഴാണ് മോദി വഴങ്ങിയതെന്നും ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടു. പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ ചര്‍ച്ചകള്‍ക്ക് ശേഷം ‘അഞ്ച് മണിക്കൂറിനുള്ളില്‍’ കരാര്‍ പൂര്‍ത്തിയായതായും ട്രംപ് പറഞ്ഞു. ”ഏകദേശം അഞ്ച് മണിക്കൂറിനുള്ളില്‍, അത് പൂര്‍ത്തിയായി… ഇപ്പോള്‍ അത് വീണ്ടും ആരംഭിച്ചേക്കാം. എനിക്കറിയില്ല. എനിക്ക് അങ്ങനെ തോന്നുന്നില്ല, പക്ഷേ അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ അത് നിര്‍ത്തും. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല.”

മെയ് മാസത്തില്‍ പ്രഖ്യാപിച്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചെന്ന് ട്രംപ് ആവര്‍ത്തിക്കുകയാണ്. ഇന്ത്യ ഇത് തുടരെത്തുടരെ നിരസിച്ചിട്ടും ട്രംപ് വിടുന്ന മട്ടില്ല. ട്രംപിന്റെ ഈ വാദം അംഗീകരിക്കാത്തതുകൊണ്ടാണ് ഉയര്‍ന്ന തീരുവകൊണ്ട് തിരിച്ചടിക്കുന്നതെന്ന വിമര്‍ശനം പോലും ഉയരുന്നുണ്ട്. പാകിസ്ഥാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യയെ ബന്ധപ്പെടുകയും സംഘര്‍ഷം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന് ശേഷമാണ് മെയ് 10 ലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് ഇന്ത്യ ആവര്‍ത്തിക്കുന്നുണ്ട്. അമേരിക്ക എന്നല്ല ഒരു മൂന്നാം രാഷ്ട്രവും ഇതിനായി പ്രവര്‍ത്തിച്ചില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide