
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് പിന്നാലെ ഇരു രാജ്യങ്ങളുമായി നാലുദിവസത്തോളം നീണ്ടുനിന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസിന്റെ ഇടപെടലുണ്ടായെന്ന് വീണ്ടും ഡോണള്‍ഡ് ട്രംപ്. വെടിനിര്‍ത്തലിനെക്കുറിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഇന്നലെ സ്ഥിരീകരണം നടത്തുന്നതിനു മുമ്പുതന്നെ ട്രംപ് ഇതേക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് വെടി നിര്‍ത്തലിലേക്ക് നീങ്ങിയതെന്നും ഒരു മൂന്നാം രാഷ്ട്രവും ഇതില്‍ ഇടപെട്ടിട്ടില്ലെന്നും ഇന്ത്യ ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു.
പിന്നാലെയാണ് ഇന്നും തന്റെ നിലപാട് ആവര്‍ത്തിച്ച് ട്രംപ് എത്തിയിരിക്കുന്നത്. ചരിത്രപരവും വീരോചിതവുമായ ഈ തീരുമാനത്തിലെത്താന്‍ നിങ്ങളെ സഹായിക്കാന്‍ യുഎസ്എയ്ക്ക് കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്നാണ് ട്രംപ് എക്‌സില്‍ കുറിച്ചിരിക്കുന്നത്. കശ്മീര്‍ പ്രശ്‌നത്തിലും ഇടപെടുമെന്നും വെടിനിര്‍ത്തലില്‍ ഇരു രാജ്യങ്ങളെയും അഭിനന്ദിക്കുന്നുവെന്നും ട്രംപ് പറയുന്നു.
ട്രംപിന്റെ വാക്കുകള്‍
” നിരവധി പേരുടെ മരണത്തിലേക്കും നാശത്തിലേക്കും നയിച്ചേക്കാവുന്ന നിലവിലെ ആക്രമണം അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് പൂര്‍ണ്ണമായി അറിയാനും മനസ്സിലാക്കാനും കരുത്തും വിവേകവും മനക്കരുത്തും ഉള്ള ഇന്ത്യയുടെയും പാകിസ്ഥാന്റെയും ശക്തവും അചഞ്ചലവുമായ ശക്തമായ നേതൃത്വത്തെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു. ദശലക്ഷക്കണക്കിന് നല്ലവരും നിരപരാധികളുമായ ആളുകള്‍ മരിക്കപ്പെടുമായിരുന്നു! നിങ്ങളുടെ ധീരമായ പ്രവൃത്തികളാല്‍ നിങ്ങളുടെ പൈതൃകം വളരെയധികം മെച്ചപ്പെടുത്തിയിരിക്കുന്നു. ചരിത്രപരവും വീരോചിതവുമായ ഈ തീരുമാനത്തിലെത്താന്‍ നിങ്ങളെ സഹായിക്കാന്‍ യുഎസ്എയ്ക്ക് കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ചര്‍ച്ച ചെയ്യപ്പെടുക പോലുമില്ലെങ്കിലും, ഈ രണ്ട് മഹത്തായ രാഷ്ട്രങ്ങളുമായും ഞാന്‍ വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു. കൂടാതെ, ‘ആയിരം വര്‍ഷങ്ങള്‍ക്ക്’ ശേഷം കാശ്മീരിന്റെ കാര്യത്തില്‍ ഒരു പരിഹാരം കാണാന്‍ കഴിയുമോ എന്നറിയാന്‍ ഞാന്‍ നിങ്ങള്‍ രണ്ടുപേരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെ, ഒരു ജോലി നന്നായി ചെയ്തു!”
















