
ന്യൂഡല്‍ഹി: ഖത്തറിലെത്തിയിട്ടും ഇന്ത്യ-പാക് സംഘര്‍ഷം വിടാതെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഞാന്‍ തീര്‍ച്ചയായും സഹായിച്ചുവെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. ഖത്തറില്‍ യുഎസ് സൈനിക ഉദ്യോഗസ്ഥനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ട്രംപ് വീണ്ടും വീരവാദം മുഴക്കിയത്.
‘എന്നാല്‍, ഞാന്‍ അങ്ങനെ ചെയ്തു എന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ കഴിഞ്ഞയാഴ്ച പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്‌നം കൂടുതല്‍ കൂടുതല്‍ ശത്രുതയിലായിക്കൊണ്ടിരുന്നതിനാല്‍ അത് പരിഹരിക്കാന്‍ ഞാന്‍ തീര്‍ച്ചയായും സഹായിച്ചു,’ അദ്ദേഹം യുഎസ് സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ശനിയാഴ്ച മുതല്‍ ഇത് ആറാം തവണയാണ് ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലുള്ള ‘വെടിനിര്‍ത്തല്‍’ അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്നതാണെന്ന അവകാശവാദം ട്രംപ് ഉന്നയിക്കുന്നത്. ഖത്തറിലെ വ്യോമതാവളത്തില്‍വെച്ച് ‘നമുക്ക് യുദ്ധത്തിനു പകരം വ്യാപാരം നടത്താം. ഞങ്ങള്‍ അവരോട് വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു. യുദ്ധത്തിനു പകരം വ്യാപാരം നടത്താം. പാകിസ്ഥാന്‍ അതില്‍ വളരെ സന്തുഷ്ടരായിരുന്നു, ഇന്ത്യയും അതില്‍ വളരെ സന്തുഷ്ടരായിരുന്നു’ എന്നും ട്രംപ് ആവര്‍ത്തിച്ചു.















