
വാഷിങ്ടൺ: ഇന്ത്യ-പാക് സംഘർഷം അവസാനിക്കാൻ കാരണക്കാരൻ താനാണെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുടെയും പാകിസ്‌താൻ്റെയും കാര്യമെടുക്കൂ. നിങ്ങൾക്കറിയാം ഞാൻ അത് എങ്ങനെ അവസാനിപ്പിച്ചുവെന്ന്. വ്യാപാരബന്ധം ഉപയോഗിച്ചാണ് ഞാൻ സംഘർഷം അവസാനിപ്പിച്ചത്. അവർക്ക് വ്യാപാരം തുടർന്നുകൊണ്ടുപോകുന്നതിൽ താത്പര്യമുണ്ടായിരുന്നു. ഇരുരാജ്യങ്ങളുടെയും നേതാക്കളോട് എനിക്ക് ബഹുമാനമുണ്ട്. സമാനരീതിയിൽ തായ്‌ലൻഡ്, കംബോഡിയ, അർമേനിയ, അസർബൈജാൻ, സെർബിയ, ഇസ്രയേൽ, ഇറാൻ, ഈജിപ്‌ത്, എത്യോപ്യ, റുവാൺഡ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ സംഘർഷവും അവസാനിപ്പിച്ചുവെന്നും അതിൽ 60 ശതമാനവും അവസാനിപ്പിക്കാൻ സാധിച്ചത് അതാത് രാജ്യങ്ങൾക്ക് അമേരിക്കയുമായുള്ള വ്യാപാരബന്ധം മൂലമാണെന്നും ട്രംപ് പറഞ്ഞു.
തനിക്ക് റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞാൽ നൊബേൽ നൽകണമെന്ന് ചിലർ പറഞ്ഞിരുന്നുവെന്നും അവരോട് തൻ്റെ ഇടപെടലിൽ അവസാനിച്ച മറ്റ് ഏഴ് യുദ്ധങ്ങളുടെ കാര്യമാണ് ചോദിക്കാനുള്ളതെന്നും അങ്ങനെയെങ്കിൽ ഏഴ് നോബേലിന് അർഹനെന്നും ട്രംപ് പറഞ്ഞു. റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ എളുപ്പം ആയിരിക്കുമെന്നാണ് കരുതിയതെങ്കിലും ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ അതും അവസാനിപ്പിക്കും. ആഗോളതലത്തിൽത്തന്നെ, മറ്റുരാജ്യങ്ങളുടെ ബഹുമാനം ഏറ്റുവാങ്ങുന്നതരത്തിലുള്ള പ്രവർത്തനങ്ങളാണ് അമേരിക്ക കാഴ്ചവെയ്ക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.














