
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സിനെ തൽസ്ഥാനത്തുനിന്ന് മാറ്റി. അദ്ദേഹം ഇനിമുതൽ ഐക്യരാഷ്ട്ര സഭയിലെ യുഎസ് അബംസഡർ ആയിരിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ദേശീയ സുരക്ഷാ ഉപദേഷ്ടാവിൻ്റെ തസ്തിക താൽക്കാലികമായി ഏറ്റെടുക്കും.
“ഐക്യരാഷ്ട്രസഭയിലെ അടുത്ത യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡറായി മൈക്ക് വാൾട്ട്സിനെ നാമനിർദ്ദേശം ചെയ്യുന്നു എന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ എഴുതി. “യുദ്ധക്കളത്തിൽ യൂണിഫോമിൽ ആയിരുന്ന കാലം മുതൽ, കോൺഗ്രസിലും എന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിലും, മൈക്ക് വാൾട്ട്സ് നമ്മുടെ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകാൻ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. തന്റെ പുതിയ റോളിലും അദ്ദേഹം അതുതന്നെ ചെയ്യുമെന്ന് എനിക്കറിയാം.”
മൈക്ക് വാൾട്സും ഡെപ്യൂട്ടി അലക്സ് വോംഗും വൈറ്റ് ഹൗസിലെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. മാർച്ചിൽ, വാൾട്സ് ഒരു സിഗ്നൽ ഗ്രൂപ്പ് ചാറ്റ് ഉണ്ടാക്കുകയും അതിൽ അബദ്ധത്തിൽ ദി അറ്റ്ലാന്റിക് ജേണലിസ്റ്റ് ജെഫ്രി ഗോൾഡ്‌ബർഗിനെ ചേർക്കുകയും ചെയ്തതിനെ തുടർന്ന് കടുത്ത വിമർശനം നേരിട്ടിരുന്നു. യെമനിലെ ഹൂത്തി ലക്ഷ്യങ്ങൾക്കെതിരായ സൈനിക നടപടിയെക്കുറിച്ചുള്ള മുതിർന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള സംഭാഷണങ്ങൾ ഈ ചാറ്റിലൂടെ പുറത്ത് വന്നിരുന്നു.
ദി അറ്റ്ലാന്റിക് ചാറ്റ് ചോർച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം വാൾട്സിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ വിമർശനങ്ങൾ ഉയർന്നപ്പോഴും ട്രംപ് അദ്ദേഹത്തെ പിന്തുണയ്ക്കുകയായിരുന്നു. വാൾട്സ് ഒരു പാഠം പഠിച്ചെന്നും അദ്ദേഹം നല്ല മനുഷ്യനാണെന്നും ട്രംപ് പറഞ്ഞു. അതീവ രഹസ്യ ഗ്രൂപ്പിലേക്ക് ഗോൾഡ്‌ബർഗിനെ ചേർത്തതിന് വാൾട്സ് ‘പൂർണ്ണ ഉത്തരവാദിത്തം’ ഏറ്റെടുക്കുകയും ചെയ്തു.
Trump replaced Michael Waltz as national security adviser Rubio takes role