മിഡിൽ ഈസ്റ്റിൽ നിന്ന് കോടികൾ പോക്കറ്റിലാക്കി ട്രംപിന്‍റെ മടക്കം, പക്ഷേ…; സമാധാന കരാറുകൾ യാഥാര്‍ത്ഥ്യമാക്കാനാകാതെ യുഎസ് പ്രസിഡന്‍റ്

വാഷിംഗ്ടണ്‍: കോടികൾ പോക്കറ്റിലാക്കി മിഡിൽ ഈസ്റ്റ് സന്ദര്‍ശനം പൂര്‍ത്തിയാക്കി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മടങ്ങിയെങ്കിലും ഒരുപാട് ചോദ്യങ്ങൾ ബാക്കി. മിഡില്‍ ഈസ്റ്റിൽ അദ്ദേഹം അമേരിക്കൻ ബിസിനസ് പ്രോത്സാഹിപ്പിക്കുകയും നിക്ഷേപ വാഗ്ദാനങ്ങൾ നേടുകയും ചെയ്തു. എന്നാൽ ഗാസയിലും യുക്രൈനിലും ദീർഘകാലമായി വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സമാധാന കരാറുകളിൽ എത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഉന്നതതല ചർച്ചകളും പ്രാദേശിക ആതിഥ്യമര്യാദയുടെ ആഡംബരപരമായ പ്രദർശനങ്ങളും കൊണ്ട് അടയാളപ്പെടുത്തിയ ഈ യാത്ര, ഒരു കരാറുകാരനും സമാധാന ദൂതനുമെന്ന നിലയിലുള്ള ട്രംപിന്റെ സ്വയം രൂപപ്പെടുത്തിയ പങ്ക് പ്രദർശിപ്പിച്ചു. എന്നാൽ, ഗാസയിലെയും യുക്രൈനിലെയും സംഘർഷങ്ങൾ പരിഹരിക്കുക ഏറ്റവും ഉയർന്ന ലക്ഷ്യങ്ങൾ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.

അമേരിക്കയും യുഎഇയും തമ്മിൽ 20,000 കോടി ഡോളറിന്റെ കരാറുകൾ ഒപ്പുവെച്ചാണ് യുഎസ് പ്രസിഡന്‍റിന്‍റെ മടക്കം. മിഡിൽഈസ്റ്റ് സന്ദർശനത്തിന്റെ ഭാ​ഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎഇയിൽ എത്തിയപ്പോഴാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചത്. ഇതു കൂടാതെ പത്തു വർഷത്തിനിടെ അമേരിക്കയിൽ ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം യുഎഇ നടത്തുമെന്നും പ്രഖ്യാപിച്ചു. വ്യോമയാനം, പ്രകൃതിവാതക ഉൽപ്പാദനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലാണ് ഇരു രാജ്യങ്ങളും പ്രധാനമായും കരാറുകൾ ഒപ്പുവെച്ചത്. ബോയിംഗ്, ജിഇ എയ്‌റോസ്‌പേസ്, ഇത്തിഹാദ് എയർവേയ്‌സ് എന്നിവ തമ്മിൽ 1450 കോടി ഡോളറിന്റെ ധാരണാപത്രത്തിലും ഒപ്പുവെച്ചു.