14 രാജ്യങ്ങളുടെ തീരുവ പട്ടികയിൽ ഇന്ത്യയില്ലാത്തതിന്‍റെ കാരണം വെളിപ്പെടുത്തി ട്രംപ്; ‘ഇന്ത്യ-യുഎസ് വ്യാപാര കരാറിന് ധാരണ’

വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര കരാറിന് ഏതാണ്ട് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. 14 രാജ്യങ്ങൾക്ക് തീരുവ ചുമത്തി കത്ത് നൽകിയപ്പോൾ ഇന്ത്യയുടെ പേര് ഒഴിവാക്കിയതിന്റെ കാരണം വിശദീകരിക്കവെയാണ് ട്രംപ് ഇക്കാര്യം പങ്കുവെച്ചത്. വിസ്കി, വാഹനങ്ങൾ, ബദാം, ഇലക്ട്രോണിക് ഉപകരണങ്ങൾ, പാവകൾ തുടങ്ങിയ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ തീരുവ കുറച്ച് വിപണി തുറക്കാൻ ധാരണയായതായി സൂചന. എന്നാൽ, കാർഷിക-ക്ഷീര ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങൾ, ചെരുപ്പ് എന്നിവയ്ക്ക് അമേരിക്കയും തീരുവ കുറയ്ക്കും.

ജപ്പാൻ, ദക്ഷിണ കൊറിയ ഉൾപ്പെടെ 14 രാജ്യങ്ങൾക്ക് 25 മുതൽ 40 ശതമാനം വരെ തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്നതിനാൽ ഇന്ത്യയ്ക്ക് ഈ തീരുവ ബാധകമാകില്ല. ബ്രിക്സ് രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ ഈടാക്കുമെന്ന ട്രംപിന്റെ ഭീഷണി തൽക്കാലം നടപ്പാകില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബ്രിക്സ് അമേരിക്കൻ വിരുദ്ധ നീക്കങ്ങൾ നടത്തുന്നുവെന്ന ആരോപണം റഷ്യയും ചൈനയും നിഷേധിച്ചിരുന്നു. ഇന്ത്യ ഇതുവരെ ബ്രിക്സ് വിഷയത്തിൽ അമേരിക്കൻ നിലപാടിനോട് പ്രതികരിക്കാത്തത് ശ്രദ്ധേയമാണ്.

കാർഷിക ഉൽപ്പന്നങ്ങൾ വ്യാപാര കരാറിൽ ഉൾപ്പെട്ടാൽ പാർലമെന്റ് സമ്മേളനത്തിൽ വൻ പ്രതിഷേധം ഉയർത്താനാണ് കോൺഗ്രസിന്റെ തീരുമാനം. വ്യാപാര കരാറിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ധാരണയായ ഉൽപ്പന്നങ്ങളുടെ കരാർ ഉടൻ ഒപ്പുവെക്കുമെന്നാണ് ട്രംപിന്റെ സൂചന. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ കരാർ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

More Stories from this section

family-dental
witywide