
ലോകത്തിലെ വിവിധ യുദ്ധങ്ങളിൽ രക്ഷകനായ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് പാകിസ്താനും അഫ്ഗാനും തമ്മിലുള്ള സംഘർഷം പരിഹരിക്കാനും രംഗത്തെത്തുന്നു. പാകിസ്‌താനും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം തനിക്ക് നിഷ്‌പ്രയാസം പരിഹരിക്കാനാകുമെന്നും തൻ്റെ ഭരണകാലത്ത് നിരവധി ലോകയുദ്ധങ്ങൾ പരിഹരിച്ചതായും ട്രംപ് അഭിപ്രായപ്പെട്ടു. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുമായുള്ള ഉച്ചഭക്ഷണത്തിനിടെ വൈറ്റ് ഹൗസിൽ സംസാരിക്കവെയാണ് ഇക്കാര്യവും ട്രംപ് വ്യക്തമാക്കിയത്.
പാകിസ്താനും അഫ്ഗാനും സംഘർഷം നടക്കുകയാണ്. എനിക്ക് പരിഹരിക്കണമെന്നുണ്ടെങ്കിൽ, അത് വളരെ എളുപ്പമുള്ള ഒന്നാണ്. അതേസമയം, എനിക്ക് യുഎസ് ഭരിക്കേണ്ടതുണ്ട്. പക്ഷേ യുദ്ധങ്ങൾ പരിഹരിക്കുന്നത് എനിക്കിഷ്ടമാണ്. എന്തുകൊണ്ടെന്നറിയാമോ? ആളുകൾ കൊല്ലപ്പെടുന്നത് തടയാൻ ഞാൻ ഇഷ്ടപ്പെടുന്നു, ഞാൻ ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
ഞാൻ എട്ട് യുദ്ധങ്ങൾ പരിഹരിച്ചു. ഞങ്ങൾ പരിഹരിച്ച എല്ലാ യുദ്ധങ്ങളും നോക്കൂ, ഓരോ തവണയും ഞാൻ അത് ചെയ്യുമ്പോൾ, അടുത്തത് കൂടി പരിഹരിച്ചാൽ നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമെന്ന് അവർ പറയും. എനിക്ക് നൊബേൽ സമ്മാനം ലഭിച്ചില്ല. വളരെ നല്ല ഒരു വനിതയ്ക്ക് അത് ലഭിച്ചു. അവർ ആരാണെന്ന് എനിക്കറിയില്ല, പക്ഷേ അവർ വളരെ ഉദാരമതിയാണ്. എനിക്കതിലൊന്നും താൽപര്യമില്ല. ജീവൻ രക്ഷിക്കുന്നതിൽ മാത്രമാണ് എന്റെ ശ്രദ്ധ യെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പാകിസ്‌താനും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുകയും 48 മണിക്കൂർ നീണ്ട വെടിനിർത്തൽ അവസാനിക്കുകയും ചെയ്‌ത സാഹചര്യത്തിലായിരുന്നു ട്രംപിൻ്റെ പരാമർശം. അതേസമയം, വെടിനിർത്തൽ നീട്ടിയതായും പരിഹാരം കാണുന്നതിനായി ഇരുപക്ഷവും ദോഹയിൽ കൂടിക്കാഴ്ച നടത്തുമെന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Trump said he could easily resolve the conflict between Pakistan and Afghanistan and that he had resolved several world wars during his administration.