
വാഷിംഗ്ടണ്‍: സ്റ്റീല്‍ ഇറക്കുമതിക്കുള്ള തീരുവ വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ അദ്ദേഹം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പുതിയ നിരക്ക് ജൂണ്‍ 4 മുതല്‍ പ്രാബല്യത്തില്‍ വരും. ഇറക്കുമതി ചെയ്യുന്ന മിക്ക സ്റ്റീലിനും അലുമിനിയത്തിനും 25 ശതമാനം തീരുവ മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതാണ് ഇനി ഇരട്ടിയാക്കുന്നത്.
ഈ നീക്കം ട്രംപിന്റെ ആഗോള വ്യാപാര യുദ്ധത്തെ കൂടുതല്‍ ശക്തമാക്കുന്നുവെന്ന് വ്യക്തം. പെന്‍സില്‍വാനിയയിലെ യുഎസ് സ്റ്റീലിന്റെ മോണ്‍ വാലി വര്‍ക്ക്‌സ്-ഇര്‍വിന്‍ പ്ലാന്റില്‍ സംസാരിച്ച ട്രംപ്, ഈ വര്‍ധനവ് ആഭ്യന്തര സ്റ്റീല്‍ ഉല്‍പാദകരെ കൂടുതല്‍ സംരക്ഷിക്കുകയും അമേരിക്കന്‍ ഉല്‍പാദനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് അവകാശപ്പെടുന്നത്.
നിര്‍ണായക ധാതുക്കളുടെ തീരുവകളും വ്യാപാര നിയന്ത്രണങ്ങളും ലഘൂകരിക്കുന്നതിനുള്ള പരസ്പരമുള്ള കരാര്‍ ചൈന ലംഘിച്ചുവെന്ന് ആരോപിച്ചതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് സ്റ്റീലിന്റെ ഇറക്കുമതി തീരുവ ഇരട്ടിയാക്കുന്നതായുള്ള ട്രംപിന്റെ പ്രഖ്യാപനം.
ശക്തമായ വ്യാപാര സംരക്ഷണം വേണമെന്ന ട്രംപിന്റെ നിരന്തരമായ ആഹ്വാനങ്ങള്‍ക്കിടയിലാണ് ഈ പ്രഖ്യാപനം. തീരുവവര്‍ദ്ധനവ് നടപ്പിലാക്കിയാല്‍, ഭവന – വാഹന- നിര്‍മ്മാണ മേഖലകള്‍ ഉള്‍പ്പെടെ സ്റ്റീലിനെ വളരെയധികം ആശ്രയിക്കുന്ന മേഖലകളില്‍ ചിലവ് വര്‍ദ്ധിക്കുമെന്നുറപ്പാണ്. 2018 ല്‍ അദ്ദേഹം ആദ്യമായി സ്റ്റീലിനു തീരുവ ഏര്‍പ്പെടുത്തിയതിനുശേഷം, സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ വില ഏകദേശം 16 ശതമാനം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കനേഡിയന്‍ സ്റ്റീലിന് 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിമുഴക്കിയിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തിരുന്നു.
‘ഞങ്ങള്‍ 25% വര്‍ദ്ധനവ് ഏര്‍പ്പെടുത്താന്‍ പോകുന്നു. അമേരിക്കയിലേക്കുള്ള സ്റ്റീലിന്റെ താരിഫ് 25% ല്‍ നിന്ന് 50% ആക്കും, ഇത് അമേരിക്കയിലെ സ്റ്റീല്‍ വ്യവസായത്തെ കൂടുതല്‍ സുരക്ഷിതമാക്കും,’ ട്രംപ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.















