
ഫെഡറൽ സർക്കാറുമായി ഉണ്ടായിരുന്ന തർക്കം പരിഹരിക്കാൻ ഹാർവാർഡ് സർവകലാശാല 500 മില്യൺ ഡോളർ അടയ്ക്കാൻ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഓവൽ ഓഫിസിൽ നടന്ന ഒരു ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഹാർവാർഡ് സർവകലാശാല ഏകദേശം 500 മില്യൺ ഡോളർ അടയ്ക്കും. കൂടാതെ ട്രേഡ് സ്‌കൂളുകളും നടത്തും. എഐ (AI) യും മറ്റു വിഷയങ്ങളും പഠിപ്പിക്കും. കരാറിൻ്റെ അവസാന ഘട്ട വിശദാംശങ്ങൾ എജ്യുക്കേഷൻ സെക്രട്ടറി ലിഡ മക്മാൻ തയ്യാറാക്കുകയാണ്.
എന്നാൽ ഹാർവാർഡ് സർവകലാശാലയോ വൈറ്റ്ഹൗസോ ഈ കരാറിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹാർവാർഡ് സർവകലാശാലയ്ക്ക് ഫെഡറൽ ഫണ്ടിംഗ് മടങ്ങി ലഭിക്കണമെങ്കിൽ ഹാർവാർഡിൽ നിന്ന് കുറഞ്ഞത് 500 മില്യൺ ഡോളറെങ്കിലും പ്രതിഫലമായി വേണമെന്ന് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ ഹാർവാർഡ് യൂണിവേഴ്സിറ്റി കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ട്രംപ് ഭരണകൂടം ഹാർവാർഡിന് അനുവദിച്ചിരുന്ന ഏകദേശം 2.2 ബില്യൺ ഡോളറിന്റെ ഗ്രാന്റുകൾ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നും പുനസ്ഥാപിക്കണമെന്നും ഫെഡറൽ കോടതി ഉത്തരവിട്ടിരുന്നു.