
വാഷിംങ്ടണ്‍: കാനഡയുമായുള്ള എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ടെക് കമ്പനികളില്‍ നിന്ന് 3 ശതമാനം ഡിജിറ്റല്‍ സര്‍വീസ് നികുതി ഈടാക്കാനുള്ള കാനഡയുടെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.
പുതിയ നികുതി, യുഎസ് ടെക്ക് കമ്പനികള്‍ക്ക് 3 ബില്യണ്‍ ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇത് ‘നമ്മുടെ രാജ്യത്തിനെതിരായ പ്രത്യക്ഷവും പ്രകടവുമായ ആക്രമണമാണ്’ എന്ന് ട്രംപ് വിശേഷിപ്പിച്ചു.
ഡിജിറ്റല്‍ സേവന നികുതി ചുമത്താനുള്ള പദ്ധതിയില്‍ കാനഡ ഉറച്ചുനില്‍ക്കുന്നുവെന്ന് യുഎസിനെ അറിയിച്ചതായി ട്രംപ് ട്രൂത്തിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. നികുതി തിങ്കളാഴ്ചയാണ് പ്രാബല്യത്തില്‍ വരിക.
‘ഈ നിസ്സാര നികുതിയുടെ അടിസ്ഥാനത്തില്‍, കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും ഞങ്ങള്‍ ഇതിനാല്‍ അവസാനിപ്പിക്കുന്നു, ഉടന്‍ പ്രാബല്യത്തില്‍ വരും. അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ അമേരിക്കയുമായി ബിസിനസ്സ് ചെയ്യുന്നതിന് അവര്‍ അടയ്‌ക്കേണ്ട താരിഫ് ഞങ്ങള്‍ കാനഡയെ അറിയിക്കും,’ ട്രംപ് തന്റെ പോസ്റ്റില്‍ പറഞ്ഞു.
മാത്രമല്ല, ക്ഷീരോല്‍പ്പന്നങ്ങള്‍ക്ക് കാലങ്ങളായി 400% വരെ തീരുവ ഈടാക്കുന്ന, വ്യാപാരം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യമാണ് കാനഡയെന്നും ട്രംപ് ആരോപിച്ചു.