
വാഷിംഗ്ടണ്‍: ഹാര്‍വാഡ് സര്‍വ്വകലാശാലയ്‌ക്കെതിരെ ആക്രമണം ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കരുതെന്ന് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ കോടതി തടഞ്ഞത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സര്‍വ്വകലാശയിലെ വിദേശ വിദ്യാര്‍ത്ഥികളെ പരാമര്‍ശിക്കുന്ന പോസ്റ്റുമായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ എത്തിയത്.
ഹാര്‍വാഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഏകദേശം 31 ശതമാനം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും, തന്റെ ഭരണകൂടം ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും സര്‍വകലാശാല ഈ വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
‘അവരുടെ വിദ്യാര്‍ത്ഥികളില്‍ ഏകദേശം 31% വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ഹാര്‍വാഡ് എന്തുകൊണ്ട് പറയുന്നില്ല. എന്നിട്ടും ആ രാജ്യങ്ങള്‍, ചിലത് അമേരിക്കയോട് ഒട്ടും സൗഹൃദപരമല്ല, അവരുടെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് ഒന്നും നല്‍കുന്നില്ല, അവര്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ആ വിദേശ വിദ്യാര്‍ത്ഥികള്‍ ആരാണെന്ന് ഞങ്ങള്‍ക്ക് അറിയണം, കാരണം ഞങ്ങള്‍ ഹാര്‍വാഡ് കോടിക്കണക്കിന് ഡോളര്‍ നല്‍കുന്നു. ഞങ്ങള്‍ക്ക് ആ പേരുകളും രാജ്യങ്ങളും വേണം. ഹാര്‍വാഡിന് 52,000,000 ഡോളറുണ്ട്. അത് ഉപയോഗിക്കുക, ഫെഡറല്‍ ഗവണ്‍മെന്റ് നിങ്ങള്‍ക്ക് പണം നല്‍കുന്നത് തുടരാന്‍ ആവശ്യപ്പെടുന്നത് നിര്‍ത്തുക!’- അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതി.