മിനസോട്ടയിലെ സോമാലി കുടിയേറ്റക്കാർക്ക് നൽകിയിരുന്ന നാടുകടത്തൽ സംരക്ഷണം അവസാനിപ്പിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോമാലികൾക്കുള്ള Temporary Protected Status (TPS) പ്രോഗ്രാം അവസാനിപ്പിക്കുന്നത് ഉടൻ പ്രാബല്യത്തിലെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ വെള്ളിയാഴ്ച കുറിച്ചു.സോമാലി ഗ്യാങുകൾ മിനസോട്ടയിലെ ജനങ്ങളെ ഭീതിയിലാക്കി കൊണ്ടിരിക്കുന്നു. മിന്നസോട്ട ഗവർണർ ടിം വാൾസിന്റെ ഭരണത്തിൽ സംസ്ഥാനം വൻതോതിലുള്ള തട്ടിപ്പ് മണി ലോണ്ടറിംഗ് നടക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. അവരെ അവർ വന്നിടത്തേക്ക് തന്നെ തിരികെ അയക്കണം. ഇത് അവസാനിച്ചു എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.
എന്നാൽ ഇതിന് മറുപടിയായി, ഒരു മുഴുവൻ സമൂഹത്തെ ലക്ഷ്യം വെക്കുന്ന പ്രവൃത്തിയാണ് പ്രസിഡന്റ് വീണ്ടും ചെയ്തത്. വിഷയത്തെ മാറ്റാൻ അദ്ദേഹം ചെയ്യുന്നതിൽ പുതുമ ഒന്നുമില്ല എന്ന് ഗവർണർ വാൾസ് എക്സിൽ കുറിച്ചു. എന്നാൽ, ട്രംപ് തൻ്റെ ഈ തീരുമാനത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.യുദ്ധം, അസ്ഥിരത, ദുരന്തങ്ങൾ തുടങ്ങിയവ നീണ്ടുനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെ യുഎസിൽ നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഫെഡറൽ പദ്ധതി ആണ് TPS. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ വിവരങ്ങൾ പ്രകാരം, സോമാലിയ്ക്കുള്ള TPS മാർച്ച് 17, 2026 വരെ പ്രാബല്യത്തിൽ തുടരുന്നു. കോംഗ്രസിന്റെ കണക്ക് പ്രകാരം, TPS-ൽ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്തിരിക്കുന്ന സോമാലി കുടിയേറ്റക്കാരുടെ എണ്ണം 705 ആണ്. മിനസോട്ടയാണ് അമേരിക്കയിലെ ഏറ്റവും വലിയ സോമാലി ജനസംഖ്യയുള്ള സംസ്ഥാനം.
ട്രംപ് ഭരണകൂടം മുമ്പും അഫ്‌ഗാൻ, വെനിസ്വേലൻ, സിറിയൻ, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിലെ സ്വദേശികളുടെ TPS സംരക്ഷണവും അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അതെല്ലാം വലിയ നിയമവഴക്കുകൾ നേരിട്ടിരുന്നു.ട്രംപിൻ്റെ ഈ നീക്കത്തെ മിനസോട്ടയിലെ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് (CAIR) പ്രസിഡൻറ് ജൈലാനി ഹുസൈൻ ശക്തമായി വിമർശിച്ചു. വർഷങ്ങളായി ഇവിടെ ജീവിതം തീർത്ത അനേകം കുടുംബങ്ങൾക്ക് നിയമപരമായ ഒരു രക്ഷാകവചമായിരുന്ന സോമാലി TPS അവസാനിപ്പിക്കുന്നതിൽ ഞങ്ങൾ വളരെ നിരാശരാണ്. ഇത് വെറും ഭരണപരമായ ഒരു മാറ്റമല്ല. സോമാലി സമുദായത്തെയും മുസ്ലീം സമൂഹത്തെയും ലക്ഷ്യം വെച്ച ഒരു രാഷ്ട്രീയ ആക്രമണമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Trump says he is ending deportation protections for Somalis in Minnesota














