ഖമേനിയുടെ മരണം തടഞ്ഞത് താനെന്ന് ട്രംപ്, ഒരു കരാര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി

വാഷിംഗ്ടണ്‍ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ സമീപകാല പരാമര്‍ശങ്ങള്‍ക്കെതിരെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കന്‍ പ്രസിഡന്റ് യഥാര്‍ത്ഥത്തില്‍ ഇറാനുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യം അദ്ദേഹം തന്റെ വാക്കുകള്‍ ശ്രദ്ധിക്കണമെന്ന് അരാഗ്ചി തുറന്നു പറഞ്ഞു.

” പ്രസിഡന്റ് ട്രംപ് ഒരു കരാര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയോട് കാണിക്കുന്ന അനാദരവും അസ്വീകാര്യവുമായ സ്വരം അദ്ദേഹം മാറ്റിവെക്കുകയും, അദ്ദേഹത്തിന്റെ ദശലക്ഷക്കണക്കിന് ആത്മാര്‍ത്ഥതയുള്ള അനുയായികളെ വേദനിപ്പിക്കുന്നത് അവസാനിപ്പിക്കുകയും വേണം,” അരാഗ്ചി എക്സില്‍ പോസ്റ്റ് ചെയ്തു.

ഇസ്രായേലിനെ പരിഹസിച്ചുകൊണ്ട് ”നമ്മുടെ മിസൈലുകളില്‍ വീഴാതിരിക്കാന്‍ ഇസ്രായേല്‍ ഭരണകൂടത്തിന് ‘ഡാഡി’യുടെ അടുത്തേക്ക് ഓടുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത മഹത്തായ, ശക്തരായ ഇറാനിയന്‍ ജനത, ഭീഷണികളെയും അപമാനങ്ങളെയും ദയയോടെ സ്വീകരിക്കുന്നില്ല.” എന്നും അരാഗ്ചി വ്യക്തമാക്കി.

ജൂണ്‍ 13 ന് ഇസ്രായേല്‍ ഇറാനിയന്‍ ആണവ, സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. പോരാട്ടം 12 ദിവസം നീണ്ടുനിന്നു. ജൂണ്‍ 22 ന് ഓപ്പറേഷന്‍ ‘മിഡ്നൈറ്റ് ഹാമര്‍’ എന്ന പേരില്‍ ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തുകൊണ്ട് അമേരിക്കയും ആക്രമണത്തില്‍ പങ്കുചേര്‍ന്നു. ഖത്തറിലെ ഒരു യുഎസ് സേനാതാവളത്തില്‍ മിസൈലുകള്‍ വിക്ഷേപിച്ചുകൊണ്ട് ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തു.

പിന്നാലെ വെടിനിര്‍ത്തല്‍ സാധ്യമായി. എന്നാല്‍ ഇതിനു ശേഷം ഖമേനിയെ രക്ഷിച്ചത് താനാണെന്ന് ട്രംപ് അവകാശപ്പെടുകയായിരുന്നു. ഖമേനിയെ കൊല്ലുന്നതില്‍ നിന്ന് ഇസ്രായേലി, യുഎസ് സൈന്യങ്ങളെ താന്‍ തടഞ്ഞുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടു. ”അദ്ദേഹം എവിടെയാണ് അഭയം പ്രാപിച്ചിരിക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു, ഇസ്രായേലിനെയോ ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ യുഎസ് സായുധ സേനയെയോ അദ്ദേഹത്തിന്റെ ജീവന്‍ അവസാനിപ്പിക്കാന്‍ ഞാന്‍ അനുവദിക്കില്ല,” എന്നായിരുന്നു ട്രംപ് എഴുതിയത്. ഇതാണ് ഇറാനെ ചൊടിപ്പിച്ചത്.

More Stories from this section

family-dental
witywide