
മിഷിഗണ്‍: മാർപാപ്പ ആവാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞ് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്ത മാർപാപ്പ ആരാകണമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അങ്ങനെയൊരു അവസരം ലഭിച്ചാല്‍ തന്റെ പ്രഥമ പരിഗണന അതിനായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ‘എനിക്ക് പോപ്പ് ആകാൻ ആഗ്രഹമുണ്ട്. അതായിരിക്കും എന്റെ ഒന്നാം നമ്പർ ചോയ്‌സ്’ – എന്നായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള ട്രംപിന്‍റെ മറുപടി.
പുതിയ മാർപാപ്പ ആരാകണമെന്നതില്‍ തനിക്ക് പ്രത്യേക താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ നിന്നുള്ള ആളാണെങ്കില്‍ വളരെ സന്തോഷമാണ്. ന്യൂയോർക്കിലെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ തിമോത്തി ഡോളൻ വത്തിക്കാനിലെ ഉന്നത സ്ഥാനത്തേക്ക് “വളരെ നല്ല” ഒരു ഓപ്ഷനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് പറഞ്ഞു.