‘കാനഡയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും അവസാനിപ്പിക്കുന്നുവെന്ന് ‘ട്രംപ്; ആ പരസ്യമാണ് എല്ലാത്തിനും കാരണം !

വാഷിംഗ്ടണ്‍ : കാനഡ പ്രചരിപ്പിച്ച തീരുവ വിരുദ്ധ പരസ്യത്തില്‍ അമര്‍ഷം പൂണ്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പരസ്യത്തിന്റെ പേരില്‍ കാനഡയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും നിര്‍ത്തലാക്കുകയാണെന്ന് ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

അന്തരിച്ച പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ ശബ്ദം പശ്ചാത്തലത്തില്‍ കേള്‍പ്പിച്ചുകൊണ്ട് തീരുവകള്‍ക്കെതിരായി ഒന്റാറിയോ പ്രവിശ്യ പുറത്തിറക്കിയ പരസ്യമാണ് ട്രംപിനെ ചൊടിപ്പിച്ചത്. ‘അവരുടെ മോശം പെരുമാറ്റത്തെ അടിസ്ഥാനമാക്കി, കാനഡയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും ഇതിനാല്‍ അവസാനിപ്പിക്കുന്നു,’ പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ എഴുതി.

റീഗന്‍ നടത്തിയ റേഡിയോ പ്രസംഗം

മുന്‍ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ 1987 ല്‍ റീഗന്‍ നടത്തിയ റേഡിയോ പ്രസംഗത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ ഉള്‍പ്പെടുന്ന പരസ്യം ഒന്റാറിയോ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറക്കിയത്. തീരുവകള്‍ ‘കുറച്ചുകാലത്തേക്ക് മാത്രമേ പ്രവര്‍ത്തിക്കൂ’ എന്നും ‘ഓരോ അമേരിക്കന്‍ തൊഴിലാളിയെയും ഉപഭോക്താവിനെയും അത് വേദനിപ്പിക്കുന്നു’ എന്നുമായിരുന്നു പ്രസംഗത്തിന്റെ സാരാംശം. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചും യുഎസ്, കനേഡിയന്‍ പതാകകള്‍ കൊണ്ട് അലങ്കരിച്ച ക്രെയിനുകളും ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ നീങ്ങുന്ന പരസ്യത്തില്‍ റീഗന്റെ ശബ്ദമാണ് പശ്ചാത്തലത്തിലുള്ളത്. വിദേശ വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള റീഗന്റെ 1987 ലെ ദേശീയ റേഡിയോ പ്രസംഗത്തിന്റെ ഉദ്ധരണികളാണ് വീഡിയോയിലുള്ളത്.

”വിദേശ ഇറക്കുമതികള്‍ക്ക് താരിഫ് ചുമത്താം’ എന്ന് ആരെങ്കിലും പറയുമ്പോള്‍, അമേരിക്കന്‍ ഉല്‍പ്പന്നങ്ങളും ജോലികളും സംരക്ഷിച്ചുകൊണ്ട് അവര്‍ ദേശസ്‌നേഹപരമായ കാര്യം ചെയ്യുന്നതായി തോന്നുന്നു. ചിലപ്പോള്‍, കുറച്ച് സമയത്തേക്ക് അത് പ്രവര്‍ത്തിക്കും, പക്ഷേ കുറച്ച് സമയത്തേക്ക് മാത്രം, എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍, അത്തരം വ്യാപാര തടസ്സങ്ങള്‍ ഓരോ അമേരിക്കക്കാരനെയും തൊഴിലാളിയെയും ഉപഭോക്താവിനെയും വേദനിപ്പിക്കുന്നു. ഉയര്‍ന്ന താരിഫുകള്‍ അനിവാര്യമായും വിദേശ രാജ്യങ്ങളുടെ പ്രതികാര നടപടികളിലേക്കും കടുത്ത വ്യാപാര യുദ്ധങ്ങള്‍ക്ക് തുടക്കമിടുന്നതിലേക്കും നയിക്കുന്നു… വിപണികള്‍ ചുരുങ്ങുകയും തകരുകയും ചെയ്യുന്നു, ബിസിനസുകളും വ്യവസായങ്ങളും അടച്ചുപൂട്ടപ്പെടുന്നു, ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുന്നു,’ റീഗന്റെ വാക്കുകള്‍

പരസ്യത്തിനെതിരെ റൊണാള്‍ഡ് റീഗന്‍ ഫൗണ്ടേഷന്‍

മുന്‍ യുഎസ് പ്രസിഡന്റിന്റെ തീരുവകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അനുമതിയില്ലാതെയാണ് ഒന്റാറിയോ പ്രവിശ്യ ഉപയോഗിച്ചതെന്ന് റൊണാള്‍ഡ് റീഗന്‍ ഫൗണ്ടേഷന്‍ പറഞ്ഞു. ‘പ്രസ്താവനകള്‍ ഉപയോഗിക്കാനും എഡിറ്റ് ചെയ്യാനും ഒന്റാറിയോ സര്‍ക്കാര്‍ അനുമതി തേടുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല,’ ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മാത്രമല്ല, പരസ്യം മുന്‍ പ്രസിഡന്റിന്റെ പ്രസംഗത്തെ തെറ്റായി പ്രതിനിധീകരിക്കുന്നു എന്നും ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഫൗണ്ടേഷന്‍.

‘Trump says he’s ending all trade talks with Canada.

More Stories from this section

family-dental
witywide