അങ്ങനെ എല്ലാം കോംപ്ലിമെന്‍റാകുന്നു! ട്രംപും മസ്കും വീണ്ടും ഭായി ഭായി ആകുമോ? മസ്കിന്‍റെ പരസ്യ മാപ്പിനോടുള്ള അമേരിക്കൻ പ്രസിഡന്‍റിന്‍റെ പ്രതികരണം ഇങ്ങനെ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ശതകോടീശ്വരൻ എലോൺ മസ്കും തമ്മിലുള്ള പ്രശ്നങ്ങളും വാക് പോരും അവസാനിക്കുന്നു. ട്രംപിനെതിരെ നടത്തിയ അതിരൂക്ഷ വിമർശനങ്ങളിൽ പരസ്യമായി മാപ്പ് പറഞ്ഞ് മസ്ക് രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള പോരിനും അവസാനമാകുന്നത്. തനിക്കെതിരായ സമൂഹമാധ്യമ പോസ്റ്റുകളിൽ മസ്ക് നടത്തിയ ഖേദപ്രകടനം ട്രംപ് അംഗീകരിച്ചതായാണ് വ്യക്തമാകുന്നത്. മസ്കിന്‍റെ പെരുമാറ്റത്തിൽ നിരാശനാണെങ്കിലും സൗഹൃദം പുനരാരംഭിക്കാനുള്ള വഴികൾ അടഞ്ഞിട്ടില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്.

മസ്ക്കിനെ കുറ്റപ്പെടുത്താനില്ലെന്നും തനിക്ക് ആരോടും വിരോധമില്ലെന്നും പോഡ്ക്കാസ്റ്റിലൂടെ ട്രംപ് വിവരിച്ചു. പോഡ് ഫോഴ്‌സ് വണ്ണിനായി നൽകിയ പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് യു എസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ‘നോക്കൂ, എനിക്ക് ഒരു വിഷമവുമില്ല. മസ്കിൽ നിന്ന് ഇങ്ങനെ സംഭവിച്ചതിൽ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. അസാധാരണമായ ഒരു ബില്ലിന് പിന്നാലെയാണ് അദ്ദേഹം പോയത്. ശേഷം നടത്തിയ വിമർശനങ്ങളിൽ അദ്ദേഹത്തിന് വളരെ വിഷമമുണ്ടെന്നാണ് ഞാൻ ഇപ്പോൾ കരുതുന്നത്’ – എന്നാണ് പോഡ്കാസ്റ്റിൽ ട്രംപ് പറഞ്ഞത്. മസ്‌കുമായി അനുരഞ്ജനം നടത്താനും അദ്ദേഹത്തോട് ക്ഷമിക്കാനും കഴിയുമോ എന്ന് ചോദ്യത്തോട്, ‘എനിക്ക് കഴിയുമെന്നാണ് ഞാൻ കരുതുന്നതെന്ന്’ എന്നായിരുന്നു ട്രംപിന്‍റെ മറുപടി.

പ്രസിഡന്റ് ട്രംപിന്റെ പുതിയ ‘ബിഗ്, ബ്യൂട്ടിഫുള്‍ ബില്ലിനെ’ കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇരുവരുടേയും ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയത്. ഈ ബില്ലിന്റെ പേരില്‍ ട്രംപിനെതിരെ മസ്‌ക് പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ (ഡോജ്) നിന്ന് ഇലോണ്‍ മസ്‌ക് പടിയിറങ്ങിയതിനുശേഷം ബില്ലിനെ ‘വെറുപ്പുളവാക്കുന്ന മ്ലേച്ഛത’ എന്നാണ് മസ്‌ക് വിളിച്ചത്.

ഇതിന് മറുപടിയായി, മസ്‌കിന്റെ കമ്പനികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സബ്സിഡികള്‍, കരാറുകള്‍ എന്നിവ പിന്‍വലിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. തന്റെ പിന്തുണയില്ലാതെ ട്രംപ് പ്രസിഡന്റ് സ്ഥാനം നേടുമായിരുന്നില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് മസ്‌കും തിരിച്ചടിച്ചു. ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യണമെന്ന ആവശ്യവും പുതിയ രാഷ്ട്രീയ പാര്‍ട്ടി എന്ന ആശയവും മസ്‌കിന്റെ പോസ്റ്റുകളില്‍ നിറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി ഇളവുകള്‍ നിര്‍ത്തലാക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനമാണ് മസ്‌കിന്റെ പൊട്ടിത്തെറിക്ക് കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തി. അങ്ങനെ ഇരുവരുടേയും തമ്മിലടി പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനിടെയാണ് മസ്‌ക് ഖേദപ്രകടനവുമായി എത്തിയിരിക്കുന്നത്. ഇതോടെയാണ് അനുരഞ്ജനത്തിനുള്ള വഴിയും തെളിഞ്ഞത്.

More Stories from this section

family-dental
witywide