
വാഷിങ്ടന്‍ : ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ അമേരിക്ക- യുക്രെയ്ന്‍ സമാധാന ചര്‍ച്ച അവസാനിച്ചു. റഷ്യയുമായി സമാധാന കരാറിന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി നടത്തിയ ചര്‍ച്ചയില്‍ പക്ഷേ, വലിയ പ്രഖ്യാപനമൊന്നും ഉണ്ടായില്ല. വെടിനിര്‍ത്തല്‍ അടക്കമുള്ള കാര്യങ്ങളില്‍ ധാരണയായില്ല എന്നതാണ് യാഥാര്‍ത്ഥ്യമെങ്കിലും ചര്‍ച്ച ഫലപ്രദമാണെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചത്. യുക്രെയ്ന് ഭാവിയില്‍ സുരക്ഷാ ഉറപ്പ് നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി. യൂറോപ്യന്‍ രാജ്യങ്ങളും യുഎസും ഇതില്‍ പങ്കുവഹിക്കും.
ഭൂമി വിട്ടുകൊടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഇനിയും ചര്‍ച്ച തുടരേണ്ടതുണ്ട്. അതിനായി റഷ്യയും യുക്രെയ്നും ചര്‍ച്ച നടത്തണമെന്നും ട്രംപ് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ പുട്ടിന്‍ – സെലെന്‍സ്‌കി ചര്‍ച്ച നടക്കും. എവിടെവെച്ചായിരിക്കും ചര്‍ച്ചയെന്ന് പിന്നീട് തീരുമാനിക്കും. തുടര്‍ന്ന് റഷ്യ – യുക്രെയ്ന്‍ – യുഎസ് ത്രികക്ഷി സമ്മേളനം നടത്തും.
സെലന്‍സ്‌കിക്കൊപ്പം യൂറോപ്യന്‍ നേതാക്കളുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ്, യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനി, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ എന്നിവര്‍ ചര്‍ച്ചയുടെ ഭാഗമായി.