റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പദ്ധതി അംഗീകരിക്കാൻ സെലെൻസ്‌കി ഇതുവരെ തയ്യാറായിട്ടില്ലെന്ന് ട്രംപ്

വാഷിങ്ടൺ ∙ റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച സമാധാന പ്രമേയം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഫ്ലോറിഡയിൽ മൂന്ന് ദിവസം നീണ്ടുനിന്ന യുഎസ്–യുക്രെയ്ന്‍ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

സെലെൻസ്കി പ്രമേയം ഇപ്പോഴും പൂർണ്ണമായി വായിച്ചിട്ടില്ലെന്നത് നിരാശാജനകമാണ്. അദ്ദേഹത്തിന്റെ സംഘം ഇത് സ്വീകരിക്കാൻ തയ്യാറാണെങ്കിലും അദ്ദേഹം മടിയോടെയാണ് മുന്നോട്ട് പോകുന്നതെന്നും ട്രംപ് പറഞ്ഞു. റഷ്യയ്ക്ക് ഇതിൽ താൽപര്യമുള്ളതായി തോന്നുന്നു, എന്നാൽ സെലെൻസ്കി അതിന് തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇതുവരെ പ്രമേയത്തെ തുറന്ന പിന്തുണ നൽകിയിട്ടില്ലെങ്കിലും, ചില ഭാഗങ്ങൾ പ്രവർത്തനക്ഷമമല്ലെന്ന് കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ചർച്ചകളിൽ പങ്കെടുത്ത അമേരിക്കൻ ഉദ്യോഗസ്ഥരുമായി താൻ ഫോൺ വഴി വിശദമായ സംഭാഷണം നടത്തിയതായി സെലെൻസ്കി പറഞ്ഞു. യഥാർത്ഥ സമാധാനം നേടാൻ അമേരിക്കയുമായി ഞങ്ങൾ സത്യസന്ധമായി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ട്രംപ് ഭരണകൂടത്തിന്റെ പുതിയ ദേശീയ സുരക്ഷാതന്ത്ര രേഖയെ റഷ്യ സ്വാഗതം ചെയ്തതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. രേഖയിൽ സംഭാഷണവും ബന്ധങ്ങൾ മെച്ചപ്പെടുത്തലും പ്രാധാന്യമുള്ളതായി പറയുന്നുണ്ടെന്നും അത് മോസ്കോയുടെ നിലപാടുമായി പൊരുത്തപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചകൾ അവസാനിക്കുന്നതിനിടെ യുക്രെയ്‌നിലെ വിവിധ ഭാഗങ്ങളിലുണ്ടായ റഷ്യൻ മിസൈൽ, ഡ്രോൺ, ഷെല്ലിംഗ് ആക്രമണങ്ങളിൽ നാലുപേർ കൊല്ലപ്പെട്ടു. ഖാർകീവ് മേഖലയിൽ റഷ്യൻ ഷെല്ലിംഗിൽ മൂന്ന് പേർ മരിച്ചു, 10 പേർക്ക് പരിക്കേറ്റതായി പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.

Trump says Zelensky not yet ready to accept US plan to end Russia-Ukraine war

More Stories from this section

family-dental
witywide