
വഷിംഗ്ടണ്‍: അമേരിക്കയിലെ ജയിലില്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പണ്ട് അശ്ലീല കത്തയച്ചു എന്ന വിവാദം വീണ്ടും വ്യാപകമാകുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എപ്‌സ്‌റ്റൈന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് അയച്ച കത്തിലാണ് കൈകൊണ്ട് വരച്ച ഒരു സ്ത്രീയുടെ നഗ്നചിത്രം ഉള്ളത്. ഇത് ഏതോ നിഗൂഡ സന്ദേശത്തിന്റെ സൂചനയാണ് എന്നാണ് ട്രംപിന്റെ എതിരാളികള്‍ പറയുന്നത്. ഇപ്പോഴിതാ അതിനെ സാധൂകരിക്കുന്ന രീതിയില്‍ ഒരു കത്ത് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകള്‍ തിങ്കളാഴ്ച പുറത്തുവിട്ടു.
എപ്‌സ്റ്റെന്റെ കൂട്ടുപ്രതിയായിരുന്ന ഇപ്പോഴും ജയിലില്‍ കഴിയുന്ന ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍ സംഘടിപ്പിച്ച ജന്മദിന ആഘോഷത്തില്‍ താന്‍ പങ്കെടുത്തു എന്ന ദി വാള്‍ സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ആരോപണം ട്രംപ് ശക്തമായി നിഷേധിച്ചിരുന്നു. ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള കത്തില്‍ ട്രംപിന്റെ ഒപ്പ് ഉണ്ടായിരുന്നു എന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ വാര്‍ത്തയില്‍ നല്‍കിയിരുന്നത്. ഈ കത്തും അവര്‍ പുറത്തു വിട്ടിരുന്നു.
ജെഫ്രി എപ്സ്റ്റീനുവേണ്ടി സമാഹരിച്ച 2003 ലെ ജന്മദിന പുസ്തകത്തില്‍ പ്രസിഡന്റ് ട്രംപിന്റെ ഒപ്പുതന്നെയാണുള്ളതെന്ന് വാദിച്ച് ആ ഒപ്പും ഒരു കൈയെഴുത്തു കുറിപ്പും ഒരു സ്ത്രീയുടെ നഗ്ന ചിത്രവും ഡെമോക്രാറ്റുകള്‍ പുറത്തുവിട്ട കത്തിന്റെ ഭാഗങ്ങളിലുണ്ട്. ”ഞങ്ങള്‍ക്ക് ജെഫ്രി എപ്സ്റ്റീനുള്ള ട്രംപിന്റെ ജന്മദിന കുറിപ്പ് ലഭിച്ചു, ഇത് ”അദ്ഭുതകരമായ രഹസ്യ”ത്തെക്കുറിച്ച് സംസാരിക്കുന്നു. അദ്ദേഹം എന്താണ് മറയ്ക്കുന്നത്? ഫയലുകള്‍ പുറത്തുവിടുക,” ഓവര്‍സൈറ്റ് ഡെമോക്രാറ്റുകള്‍ എക്സില്‍ എഴുതി.
ട്രംപ് എഴുതിയതായി പറയപ്പെടുന്ന കുറിപ്പില്‍, ”ഒരു സുഹൃത്ത് ഒരു അത്ഭുതകരമായ കാര്യമാണ്. ജന്മദിനാശംസകള്‍ – എല്ലാ ദിവസവും മറ്റൊരു അത്ഭുതകരമായ രഹസ്യമാകട്ടെ” എന്നായിരുന്നു ഉണ്ടായിരുന്നത്. ഈ കുറിപ്പ് ഇപ്പോള്‍ ലഭ്യമല്ലെന്നായിരുന്നു ട്രംപിന്റെ വാദമെന്നും എന്നാല്‍ തങ്ങള്‍ക്ക് അത് ലഭിച്ചെന്നും പറഞ്ഞുകൊണ്ടായിരുന്നു ഓവര്‍സൈറ്റ് കമ്മിറ്റിയിലെ ഉന്നത ഡെമോക്രാറ്റായ റോബര്‍ട്ട് ഗാര്‍സിയ (ഡി-കാലിഫോര്‍ണിയ) ഒരു എക്‌സ് പോസ്റ്റില്‍ കുറിച്ചത്.
വൈറ്റ് ഹൗസ് പ്രതികരണം
സംഗതി വലിയ ചര്‍ച്ചയിലേക്ക് കടന്നതോടെ എല്ലാം നിഷേധിച്ച് വൈറ്റ് ഹൗസ് പ്രസ്താവന ഇറക്കി. ഡെമോക്രാറ്റുകള്‍ പുറത്തുവിട്ട, ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്ന രേഖകള്‍ ആധികാരികമല്ലെന്ന് വളരെ വേഗത്തിലാണ് വൈറ്റ് ഹൗസ് പ്രസ്താവന പുറത്തിറക്കിയത്. ഇവയെല്ലാം തെറ്റാണെന്ന് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് തന്നെ എക്‌സില്‍ എഴുതി. ‘ഞാന്‍ എല്ലായ്പ്പോഴും പറഞ്ഞതുപോലെ, പ്രസിഡന്റ് ട്രംപ് ഈ ചിത്രം വരച്ചിട്ടില്ല, അദ്ദേഹം അതില്‍ ഒപ്പിട്ടിട്ടില്ലെന്ന് വളരെ വ്യക്തമാണ്. പ്രസിഡന്റ് ട്രംപിന്റെ നിയമസംഘം നിയമപരമായി നേരിടും’ അവര്‍ കൂട്ടിച്ചേര്‍ത്തു.
വാള്‍ സ്ട്രീറ്റ് ജേണല്‍ കേസ്
ജൂലൈയില്‍, വാള്‍ സ്ട്രീറ്റ് ജേണല്‍ എപ്സ്റ്റീനുമായി ബന്ധപ്പെട്ട ട്രംപിന്റെ പങ്കുവ്യക്തമാക്കുന്ന കുറിപ്പും ചിത്രവും പുറത്തുവിട്ടതോടെ ട്രംപ് പത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇത് താനെഴുതിയ കത്തല്ലെന്നും വാള്‍ സ്ട്രീറ്റ് ജേണലിന്റേത് തട്ടിപ്പ് കഥയാണെന്നും ട്രംപ് തുറന്നടിച്ചു. കത്തില്‍ കാണുന്നത് തന്റെ ഭാഷയല്ല എന്നും താന്‍ സ്ത്രീകളുടെ ചിത്രം വരയ്ക്കാറില്ലെന്നും അദ്ദേഹം പറയുന്നു. വാള്‍ സ്ട്രീറ്റ് ജേണലിന് എതിരെ താന്‍ കേസ് കൊടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ എഴുതിയത് വാള്‍സ്ട്രീറ്റ് ജേണല്‍ എപ്സ്റ്റീന് വേണ്ടി ഒരു വ്യാജ കത്ത് അച്ചടിച്ചു എന്നാണ്. റിപ്പോര്‍ട്ട് അപകീര്‍ത്തികരമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം ജേണലിനെതിരെ 10 ബില്യണ്‍ ഡോളറിന്റെ കേസാണ് ഫയല്‍ ചെയ്തത്.















