‘സ്വയം മാര്‍പാപ്പയായി ട്രംപ്’ ; ഇത് ഇത്തിരി കൂടിപ്പോയില്ലേയെന്ന് സോഷ്യല്‍ മീഡിയ

വാഷിംഗ്ടണ്‍ : തനിക്ക് അടുത്ത മാര്‍പാപ്പയായാല്‍ കൊള്ളാമെന്ന് ഒരു കമന്റ് ഇക്കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ ഇത് വലിയൊരു ചര്‍ച്ചയ്ക്ക് തിരികൊളുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മാര്‍പാപ്പയുടെ വേഷത്തിലുള്ള തന്റെ എഐ ചിത്രം പങ്കുവെച്ചാണ് ട്രംപ് എത്തിയിരിക്കുന്നത്. ശനിയാഴ്ച തന്റെ ഔദ്യോഗിക ട്രൂത്ത്് സോഷ്യല്‍ അക്കൗണ്ടിലാണ് ട്രംപ് തന്നെ ഈ ചിത്രം പങ്കുവെച്ചത്.

വൈറ്റ് ഹൗസ് എക്‌സില്‍ ഈ ചിത്രം പങ്കുവെച്ചതോടെ ട്രംപിന്റെ ചിത്രം വൈറലാകുകയും വ്യാപക വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. ഒറ്റനോട്ടത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോട് സാദ്യശ്യം തോന്നുന്ന ചിത്രത്തില്‍ കിരീടം ധരിച്ച് മാര്‍പാപ്പയുടെ കസേരയില്‍ അദ്ദേഹം ഇരിക്കുന്നത് കാണാം.

ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പോസ്റ്റ് തമാശയായി കണ്ടപ്പോള്‍ മറ്റ് ചിലര്‍ ഇത് ഇത്തിരി കൂടിപ്പോയെന്നു വിലയിരുത്തുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ നിരാശപ്പെട്ടിരിക്കുന്ന ഒരു കൂട്ടം ജനതയ്ക്ക് ഇത് സഹിക്കില്ലെന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്. പോസ്റ്റ് അനാദരവുള്ളതാണെന്ന് ഉപയോക്താക്കളില്‍ ഒരു വിഭാഗം കുറിച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണത്തെ ട്രംപ് പരിഹസിച്ചുവെന്ന് പലരും ആരോപിച്ചു. ട്രംപിന്റെ നടപടിയെ ‘ബാലിശമായ പെരുമാറ്റം’ എന്ന് വിശേഷിപ്പിച്ചു.

യുഎസിന്റെ പ്രസിഡന്റ് എന്ന നിലയില്‍, ഇത്തരമൊരു ചിത്രം പോസ്റ്റ് ചെയ്തതിലൂടെ താന്‍ എല്ലാറ്റിനും മുകളിലാണെന്നും, എന്തും ചെയ്യാന്‍ കഴിയുമെന്നും, എല്ലാവരുടെയും തലവനാണെന്നും വിശ്വസിക്കുന്ന ഒരു മനുഷ്യന്റെ അതിരുകളില്ലാത്ത അഹങ്കാരമാണെന്നിതെന്നും ചിലര്‍ കുറ്റപ്പെടുത്തി.

വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് ഒരു ആഴ്ച കഴിഞ്ഞപ്പോള്‍, ട്രംപ് കത്തോലിക്കാ സഭയുടെ അടുത്ത നേതാവാകാന്‍ ആഗ്രഹിക്കുന്നുവെന്ന് പരിഹാസ രൂപേണ പറഞ്ഞിരുന്നു. അധികാരത്തിലേറി 100 ദിവസം പിന്നിട്ടതിനു പിന്നാലെ നടത്തിയ ഒരു റാലിയില്‍വെച്ചാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് ‘എനിക്ക് പോപ്പ് ആകണം. അതായിരിക്കും എന്റെ ഒന്നാം നമ്പര്‍ ചോയ്‌സ്’ എന്ന് പറഞ്ഞത്. പിന്നാലെയാണ് എഐ ചിത്രം ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്.

More Stories from this section

family-dental
witywide