വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന ആവശ്യവുമായി ഗാസയിലെ ബന്ദികളുടെ കുടുംബങ്ങളുടെ കൂട്ടായ്മ രംഗത്ത്. ‘ഹോസ്റ്റേജസ് ആൻഡ് മിസിങ് ഫാമിലീസ് ഫോറം’ എന്ന സംഘടന നൊബേൽ കമ്മിറ്റിക്ക് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവിനെ പ്രഖ്യാപിക്കാനിരിക്കെ, ട്രംപിന്റെ ആഗോള സമാധാന ശ്രമങ്ങളെ അംഗീകരിക്കണമെന്നാണ് കുടുംബങ്ങളുടെ വാദം.
കഴിഞ്ഞ ഒരു വർഷത്തിനിടെ ലോകസമാധാനത്തിന് ഡോണൾഡ് ട്രംപിനെക്കാൾ വലിയ സംഭാവന നൽകിയ മറ്റൊരു നേതാവോ സംഘടനയോ ഇല്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ബന്ദികളുടെ മോചനത്തിനായുള്ള ട്രംപിന്റെ ഇടപെടലുകൾ തങ്ങളുടെ ദുസ്വപ്നങ്ങൾ അവസാനിപ്പിക്കുമെന്ന പ്രതീക്ഷ നൽകിയിട്ടുണ്ടെന്ന് കുടുംബങ്ങൾ പറയുന്നു. ട്രംപിന്റെ നേതൃത്വത്തിൽ ആഗോള സമാധാനത്തിന് അഭൂതപൂർവമായ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, അതിനാൽ അദ്ദേഹം നൊബേൽ സമ്മാനത്തിന് അർഹനാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
“അവസാന ബന്ദിയും നാട്ടിലെത്തുന്നതുവരെ ട്രംപ് വിശ്രമിക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” കത്തിൽ പറയുന്നു. പ്രസിഡന്റായി സ്ഥാനമേറ്റ നിമിഷം മുതൽ ട്രംപ് സമാധാനത്തിനായി പ്രവർത്തിച്ചുവരികയാണെന്നും, മറ്റുള്ളവർ വെറും വാഗ്ദാനങ്ങൾ നൽകുമ്പോൾ അദ്ദേഹം പ്രവൃത്തിയിലൂടെ അത് തെളിയിച്ചുവെന്നും കുടുംബങ്ങൾ അവകാശപ്പെടുന്നു. യുദ്ധം അവസാനിപ്പിച്ച് ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും പുനഃസ്ഥാപിക്കുന്നതിന് ട്രംപ് അശ്രാന്തമായി പ്രവർത്തിക്കുമെന്നും കത്തിൽ പ്രതിപാദിക്കുന്നു.













