
വാഷിംഗ്ടണ്‍: ഗാസയിൽ ശുദ്ധികരിക്കണമെന്നും ഇസ്രയേൽ സൈനിക നടപടി ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഹമാസിന് സമാധാനത്തിന് താത്പര്യമില്ലെന്നും, ഈ നിലയിൽ ഹമാസിനെ നിലനിർത്തേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. ഹമാസ് സമാധാന കരാറില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിച്ചില്ലെന്നും അവര്‍ മരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇസ്രയേലിന് പലസ്തീനില്‍ ആധിപത്യം നേടാന്‍ കഴിയുന്ന ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ കരാറായിരുന്നു ട്രംപ് അവതരിപ്പിച്ചിരുന്നത്. അധിനിവേശ സേനയെ പലസ്തീനില്‍ നിന്ന് പിന്‍വലിക്കണമെന്നും ശാശ്വതമായ വെടിനിര്‍ത്തല്‍ വേണമെന്നുമുള്ള ഹമാസിന്റെ ആവശ്യം ഇസ്രയേലും അമേരിക്കയും അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെ ട്രംപ് മുന്നോട്ടുവെച്ച കരാർ നിർദ്ദേശം ഹമാസ് തള്ളിയിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. സ്‌കോട്ട്‌ലന്‍ഡിലേക്കുള്ള യാത്രക്ക് മുമ്പാണ് ട്രംപിന്റെ പ്രകോപനപരമായ പ്രതികരണമുണ്ടായത്.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്ന് അമേരിക്ക പിന്മാറുകയാണെന്ന് അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് സമാധാന ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗാസയിലെ മാനുഷിക സാഹചര്യം അതിവേഗം വഷളാകുകയും സാധാരണക്കാര്‍ക്കിടയില്‍ പട്ടിണി മരണം വര്‍ധിക്കുകയും ചെയ്യുന്നതായി റിപോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിലും നയതന്ത്ര മാര്‍ഗത്തിനില്ലെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്.