
വാഷിംഗ്ടൺ: ആപ്പിൾ കമ്പനിക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ യൂറോപ്യൻ യൂണിയനും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി. നിലവിൽ നടക്കുന്ന ചർച്ചകൾ കൊണ്ട് കാര്യമില്ലെന്നും ജൂൺ ഒന്ന് മുതൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കെതിരെ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ഇക്കാര്യം ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കുകയും ചെയ്തു.
27 രാജ്യങ്ങളുള്ള കൂട്ടായ്മയായ യുറോപ്യൻ യൂണിയനുമായുള്ള ഞങ്ങളുടെ ചർച്ചകൾ എങ്ങുമെത്തുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് 50 ശതമാനം ഇറക്കുമതി താരിഫ് ഭീഷണി ട്രംപ് ഇറക്കിയത്. ട്രംപിന്‍റെ പുതിയ ഭീഷണിക്ക് പിന്നാലെ യു എസ് സ്റ്റോക്ക് മാർക്കറ്റ് കുത്തനെ ഇടിഞ്ഞു. യൂറോപ്യൻ ഓഹരി വിപണികളിലും വലിയ നഷ്ടമാണ് കാണുന്നത്. യൂറോപ്യൻ ഓഹരി വിപണി രണ്ട് ശതമാനത്തിലേറെ ഒറ്റയടിക്ക് ഇടിഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
നേരത്തെ ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മ്മാണത്തിൽ താൻ നൽകിയ മുന്നറിയിപ്പ് അവഗണിച്ച ആപ്പിൾ കമ്പനിക്ക് 25 ശതമാനം താരീഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. അമേരിക്കക്ക് പുറത്ത് നിർമ്മിച്ച ഫോണുകൾ അമേരിക്കയില്‍ വിൽപ്പന നടത്തണമെങ്കിൽ 25 ശതമാനം താരിഫ് നൽകേണ്ടിവരുമെന്നാണ് ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ട്രംപ് വിശദീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ വില്‍ക്കുന്ന ഫോണുകള്‍ തദ്ദേശീയമായി നിര്‍മിച്ചതായിരിക്കണമെന്നും പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.