
വാഷിങ്ടൺ: റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചില്ലെങ്കിൽ ഇന്ത്യക്കെതിരെ ഉയർന്ന തീരുവ തുടരുമെന്ന് വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. റഷ്യയിൽ നിന്ന് ഇന്ത്യ അസംസ്കൃത എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് തന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിട്ടുണ്ടെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചതിനു പിന്നാലെയാണ് ട്രംപിൻ്റെ ഈ മുന്നറിയിപ്പ്. അവർ അങ്ങനെയാണ് പറയുന്നതെങ്കിൽ അവർ വൻതോതിലുള്ള തീരുവകൾ നൽകുന്നത് തുടരും. അങ്ങനെ ഒരു കാര്യം അവർ ആഗ്രഹിക്കില്ലല്ലോ എന്നാണ് ഇന്ത്യൻ സർക്കാരിൻ്റെ പ്രതികരണം മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ ട്രംപ് പറഞ്ഞത്.
ഇക്കഴിഞ്ഞ ബുധനാഴ്‌ച ഓവൽ ഓഫീസിൽ വെച്ചാണ് റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി ഉറപ്പുനൽകിയതായി ട്രംപ് പറഞ്ഞത്. എന്നാൽ, വ്യാഴാഴ്‌ച നടന്ന പ്രതിവാര പത്രസമ്മേളനത്തിൽ, ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിൽ നടന്ന സംഭാഷണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് വിദേശ മന്ത്രാലയ വക്താവ് രൺധീർ ജയ് സ്വാൾ വ്യക്തമാക്കിയിരുന്നു. പാശ്ചാത്യ ഉപരോധങ്ങളുണ്ടായിട്ടും റഷ്യൻ സമ്പദ് വ്യവസ്ഥ തളരാതെ നിൽക്കുന്നതിനു കാരണം ഇന്ത്യ അസംസ്കൃത എണ്ണ വാങ്ങുന്നതാണെന്നാണ് യുഎസിന്റെ ആരോപണം. അതിനാലാണ് 50 ശതമാനം ഇറക്കുമതിത്തീരുവ യുഎസ് ഇന്ത്യയ്ക്ക് മീതെ ചുമത്തിയിരിക്കുന്നത്.
Trump threatens again; Will continue to take high-level action against India if it does not reduce its purchase of Russian oil