
വാഷിംഗ്ടണ്‍ : ശത കോടീശ്വരനും ട്രംപ് ഭരണകൂടത്തിലെ പ്രധാനിയുമായിരുന്ന ഇലോണ്‍ മസ്‌കുമായുള്ള ബന്ധം ഉടഞ്ഞതോടെ പ്രതികാര ദാഹിയായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപ് വന്‍ തിരിച്ചു വരവു നടത്തിയ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും ട്രംപിന്റെയും ഏറ്റവും വലിയ പിന്തുണക്കാരില്‍ ഒരാളായിരുന്നു മസ്‌ക്. എന്നാല്‍ ബന്ധം വഷളായതോടെ വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളെ ഇലോണ്‍ മസ്‌ക് പിന്തുണച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഡോണള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌കുമായുള്ള ബന്ധം അവസാനിച്ചുവെന്ന് കരുതുന്നുവെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് ട്രംപിന്റെ മറുപടി.
ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുക എന്ന ആശയം മസ്‌ക് മുന്നോട്ടുവെച്ചതോടെ ട്രംപിന്റെ കോപം ഇരട്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ട്രംപിന്റെ തിരഞ്ഞെടുപ്പിനെ പിന്തുണച്ച് 300 മില്യണ്‍ ഡോളറിനടുത്ത് ചെലവഴിച്ചിരുന്നു മസ്‌ക്. എന്നാല്‍ ഇപ്പോള്‍ ഡെമോക്രാറ്റുകള്‍ക്ക് ധനസഹായം നല്‍കാന്‍ മസ്‌ക് തീരുമാനിച്ചതായി ട്രംപ് ഒരു അഭിമുഖത്തില്‍ എന്‍ബിസി ന്യൂസിനോട് പറഞ്ഞു.
‘അദ്ദേഹം അങ്ങനെ ചെയ്താല്‍, അതിനുള്ള അനന്തരഫലങ്ങള്‍ അദ്ദേഹം നല്‍കേണ്ടിവരും, അങ്ങനെ ചെയ്താല്‍ അദ്ദേഹം വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരും,’ – ട്രംപ് കൂട്ടിച്ചേര്‍ത്തു.
മസ്‌കുമായുള്ള ബന്ധം നന്നാക്കാന്‍ എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല,’ എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. അവരുടെ ബന്ധം അവസാനിച്ചുവെന്ന് കരുതുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞു: ‘ഞാന്‍ അങ്ങനെ കരുതുന്നു, അതെ, മറ്റ് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഞാന്‍ വളരെ തിരക്കിലാണ്, അദ്ദേഹത്തോട് സംസാരിക്കാന്‍ എനിക്ക് ഉദ്ദേശ്യമില്ല.’ – തന്റെ മുന്‍ സഹായിയുമായി സംസാരിക്കാന്‍ തനിക്ക് പദ്ധതിയില്ലെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, മസ്‌കും ട്രംപും തമ്മിലുള്ള ചൂടേറിയ ആരോപണ-പ്രത്യാരോപണങ്ങള്‍ക്കിടെ എലോണ്‍ മസ്‌കിന് രാഷ്ട്രീയ അഭയം നല്‍കാമെന്ന വാഗ്ദാനവുമായി റഷ്യ എത്തിയത് ചര്‍ച്ചയായിരുന്നു. സ്റ്റേറ്റ് ഡുമ കമ്മിറ്റി ഓണ്‍ ഇന്റര്‍നാഷണല്‍ അഫയേഴ്സിന്റെ സ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും നിയമസഭാംഗവുമായ ദിമിത്രി നോവിക്കോവാണ് മസ്‌കിന് അഭയ വാഗ്ദാനം നല്‍കിയതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.














