
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം ഇന്നുമുതല്‍. സെപ്റ്റംബര്‍ 16-ന് വൈകുന്നേരമാണ് ട്രംപും മെലാനിയ ട്രംപും ലണ്ടനില്‍ എത്തുക. 18 വരെയാണ് സന്ദര്‍ശനം. പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആണവോര്‍ജ്ജ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ നടക്കും. എഐ , ക്വാണ്ടം കമ്പ്യൂട്ടിങ് , സെമികണ്ടക്ടര്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം ലക്ഷ്യമിട്ടുള്ള ടെക് പങ്കാളിത്തത്തിന്റെ കാര്യത്തിലും ഇരുവരും തീരുമാനത്തിലെത്തും. യു.കെയും യു.എസും തമ്മില്‍ ഒരു ആണവ കരാര്‍ ഒപ്പുവെക്കാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ തീവ്ര വലതുപക്ഷത്തിന്റെ കുടിയേറ്റ വിരുദ്ധ റാലി ലണ്ടന്‍ തെരുവുകളില്‍ നടന്നതിന് പിന്നാലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അടുത്തകാലത്ത് ലണ്ടന്‍ കണ്ടതില്‍ വെച്ചേറ്റവും കര്‍ക്കശമായ സുരക്ഷാ ക്രമീകരണങ്ങളാണ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
ട്രംപിനും മെലാനിയയ്ക്കും വിന്‍ഡ്സര്‍ കാസിലില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച ചാള്‍സ് രാജാവും കാമില്ല രാജ്ഞിയും ചേര്‍ന്ന് ഇരുവരെയും സ്വീകരിക്കും. സന്ദര്‍ശനത്തിനിടെ ക്വീന്‍ എലിസബത്തിന്റെ ശവകുടീരവും ട്രംപ് സന്ദര്‍ശിക്കും. ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാനും എന്‍വിഡിയ സിഇഒ ജെന്‍സണ്‍ ഹുവാങ്ങും ട്രംപിനെ അനുഗമിക്കുന്നുണ്ട്.
അതിനിടെ, ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെയും പ്രതിഷേധം സംഘടിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. വിന്‍ഡ്സര്‍, ലണ്ടന്‍, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളില്‍ പ്രതിഷേധം നടത്താന്‍ ചില സംഘടനകള്‍ ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇത് ട്രംപിന്റെ രണ്ടാമത്തെ ഔദ്യോഗിക യുകെ സന്ദര്‍ശനമാണ്. 2019-ല്‍ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ട്രംപ് ആദ്യമായി യുകെ സന്ദര്‍ശിച്ചത്.