
വാഷിംഗ്ടണ്‍ : യുഎസ്-മെക്‌സിക്കോ അതിര്‍ത്തി മതിലില്‍ കറുത്ത പെയിന്റ് ഉപയോഗിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ചതായി ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു. ഇതുവഴിയുള്ള അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനായാണ് ഈ നീക്കം. കറുത്ത നിറത്തിലുള്ള പെയിന്റാകുമ്പോള്‍ മതിലിന് താരതമ്യേന ചൂടു കൂടുതലായിരിക്കുമെന്നും ഇതിൽപ്പിടിച്ചുകയറാന്‍ കുടിയേറ്റക്കാര്‍ക്ക് കഴിയാതെ വരുമെന്നുമാണ് ട്രംപ് നല്കുന്ന വിശദീകരണം.
‘ഇത് പ്രത്യേകിച്ച് പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ്, ഇവിടെ ചൂടുള്ള താപനിലയില്‍, എന്തെങ്കിലും കറുത്ത പെയിന്റ് ചെയ്യുമ്പോള്‍, അത് കൂടുതല്‍ ചൂടാകുമെന്നും അത് ആളുകള്‍ക്ക് കയറാന്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കുമെന്നും അദ്ദേഹം മനസ്സിലാക്കുന്നു. ഇപ്പോള്‍, എന്റെ പിന്നിലുള്ള മതിൽ നോക്കിയാല്‍, അത് ഉയരമുള്ളതാണ്, അത് കയറുന്നത് വളരെ വളരെ ബുദ്ധിമുട്ടാണ്, മിക്കവാറും അസാധ്യമാണ്. ഇന്ന്, ഞങ്ങള്‍ അത് കറുത്ത പെയിന്റ് ചെയ്യാനും പോകുന്നു’, -ന്യൂ മെക്‌സിക്കോയിലെ സാന്താ തെരേസയില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിച്ച നോം പറഞ്ഞു.
തെക്കന്‍ അതിര്‍ത്തി ശക്തിപ്പെടുത്തുന്നതിനും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങിയ കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുമായി ട്രംപ് കഴിഞ്ഞ മാസം ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന് (DHS) 165 ബില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നു. ഇതില്‍ 46.5 ബില്യണ്‍ ഡോളര്‍ പുതിയ അതിര്‍ത്തി മതിലിന്റെ നിര്‍മ്മാണത്തിനായി നീക്കിവച്ചു. ട്രംപ് ആദ്യമായി അധികാരത്തിലെത്തിയ കാലത്തായിരുന്നു ഈ മതിലിന്റെ പണി ആരംഭിച്ചത്.