‘ഇത് സാമ്പിൾ, ഇതിലും രൂക്ഷമായ ആക്രമണം നേരിടേണ്ടി വരും’, ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഇറാന് ട്രംപിന്‍റെ പുതിയ ഭീഷണി, ആണവ നിർവ്യാപന കരാറിൽ ഒപ്പിടണമെന്നും ആവശ്യം

വാഷിംഗ്ടൺ: ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാന് പുതിയ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. എത്രയും വേഗം ആണവ നിർവ്യാപന കരാറിൽ ഒപ്പിടണമെന്നാണ് ട്രംപിന്‍റെ ഭീഷണി. ആണവ നിർവ്യാപന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ കൂടുതൽ രൂക്ഷമായ ആക്രമണം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ആണവ പദ്ധതിയിൽ പിൻവാങ്ങാൻ തയ്യാറായില്ലെങ്കിൽ ഇറാന് കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി. ഇസ്രയേലിൽ നിന്ന് കൂടുതൽ പ്രഹരം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്.

ഇസ്രയേൽ ഇന്ന് പുലർച്ചെ ടെഹ്റാനിൽ നടത്തിയ ആക്രമണങ്ങളിൽ പങ്കില്ലെന്ന അമേരിക്കൻ നിലപാട് ചോദ്യം ചെയ്യുന്നതാണ് ട്രംപിന്‍റെ പുതിയ ഭീഷണി. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അമേരിക്കക്ക് പങ്കുണ്ടെന്ന് ഇറാൻ ആദ്യം തന്നെ ആരോപിച്ചിരുന്നു. ഒരു പങ്കുമില്ലെന്നാണ് ട്രംപ് തന്നെ രാവിലെ പറഞ്ഞത്. എന്നാൽ ആണവ നിർവ്യാപന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന പുതിയ ഭീഷണി അമേരിക്കൻ പങ്ക് വ്യക്തമാക്കുന്നതാണെന്നാണ് വിലയിരുത്തൽ.

അതേസമയം ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ലോക നേതാക്കളുമായി സംസാരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെ‌ഞ്ചമിൻ നെതന്യാഹു. ജർമ്മൻ ചാൻസലർ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്‍റ് എന്നിവരുൾപ്പെടെ ലോക നേതാക്കളുമായി ഇന്നലെ രാത്രി മുതൽ നെതന്യാഹു സംസാരിക്കുന്നുണ്ട്. യുഎസ് പ്രസിഡന്‍റ് ട്രംപ്, റഷ്യൻ പ്രസിഡന്റ് പുടിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നിവരുമായും അദ്ദേഹം സംസാരിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നെതന്യാഹു നടത്തിയ സംഭാഷണത്തിൽ, മേഖലയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് നെതന്യാഹു മോദിയെ ധരിപ്പിച്ചു. സ്ഥിതിഗതികളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ മോദി പങ്കുവെക്കുകയും, മേഖലയിൽ സമാധാനവും സ്ഥിരതയും വേഗത്തിൽ പുനഃസ്ഥാപിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത വ്യക്തമാക്കുകയും ചെയ്തു. ആഗോള സമാധാന ശ്രമങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചുറപ്പിച്ചു.

More Stories from this section

family-dental
witywide