
വാഷിംഗ്ടൺ: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തയ്യാറാകാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വാഷിംഗ്ടൺ ഡി.സി.യിലെ കെന്നഡി സെന്ററിൽ നടന്ന ഒരു പരിപാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. വെള്ളിയാഴ്ച അലാസ്കയിൽ പുടിനുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്.
യുക്രൈനിലെ സംഘർഷം അവസാനിപ്പിക്കാൻ പുടിൻ സമ്മതിച്ചില്ലെങ്കിൽ “വളരെ കടുത്ത പ്രത്യാഘാതങ്ങൾ” ഉണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. പുടിനുമായി താൻ മുമ്പ് നല്ല സംഭാഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും, യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതയിൽ പ്രതീക്ഷയുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. അലാസ്കയിലെ കൂടിക്കാഴ്ചയിൽ ഈ വിഷയം ചർച്ചയാകുമെന്നും, സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുമെന്നും ട്രംപ് അറിയിച്ചു.
അതേസമയം റഷ്യ – യുക്രൈൻ യുദ്ധം അവസാനിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള അലാസ്ക ഉച്ചകോടിക്ക് മുന്നോടിയായ നാറ്റോ രാജ്യങ്ങളുടെ കൂടിക്കാഴ്ച നടന്നു. ട്രംപിനൊപ്പം യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി, നാറ്റോ രാജ്യങ്ങളിലെ നേതാക്കൾ എന്നിവർ ബുധനാഴ്ച ചേർന്ന വെർച്വൽ യോഗങ്ങളിൽ പങ്കെടുത്തു. ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസിന്റെ നേതൃത്വത്തിൽ നടന്ന ഈ വെർച്വൽ കൂടിക്കാഴ്ചയിൽ യുക്രൈന്റെയും യൂറോപ്പിന്റെയും ആശങ്കകൾ ഉന്നയിക്കപ്പെട്ടു. യുക്രൈന്റെ പരമാധികാരവും സുരക്ഷാ ഉറപ്പുകളും ഉറപ്പാക്കണമെന്നും, റഷ്യയുടെ കൈവശമുള്ള യുക്രൈൻ പ്രദേശങ്ങളുടെ നിയമപരമായ അംഗീകാരം ഉണ്ടാകരുതെന്നും മെർസ്, ട്രംപിനോട് ആവശ്യപ്പെട്ടു. യുക്രൈനെ ഒഴിവാക്കിയുള്ള ചർച്ചകൾ ഫലപ്രദമാകില്ലെന്ന് സെലെൻസ്കിയും മുന്നറിയിപ്പ് നൽകി.