
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗാസ യുദ്ധം അവസാനിപ്പിക്കാനായി അവതരിപ്പിച്ച 20 ഇന സമാധാനപദ്ധതിയിലെ ചില ഉപാധികൾ അംഗീകരിച്ച ഹമാസിന്‍റെ നീക്കത്തെ സ്വാഗതം ചെയ്ത് അമേരിക്കൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനയാണിതെന്നും ഇത് ഗാസയുടെ മാത്രം കാര്യമല്ല, മിഡിൽ ഈസ്റ്റിലെ ശാശ്വത സമാധാനത്തിന്റെ ഭാഗമാണെന്നും ട്രംപ് പറഞ്ഞു. ഗാസയിലെ ആക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും അമേരിക്കൻ പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് അവതരിപ്പിച്ച 20 ഇന സമാധാനപദ്ധതിയിലെ ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുക, ഭരണം കൈമാറുക തുടങ്ങി ചില ഉപാധികളാണ് ഹമാസ് അംഗീകരിച്ചത്. മറ്റ് പല വ്യവസ്ഥകളിലും ചർച്ചകൾ വേണമെന്ന് ഹമാസ് നിലപാട് അറിയിച്ചു. ഞായറാഴ്ച വൈകീട്ട് ആറിനുമുൻപ് കരാർ അംഗീകരിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെയായിരുന്നു ഇന്ത്യൻസമയം ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ പദ്ധതിയിലെ ചില ഉപാധികൾ ഹമാസ് അംഗീകരിച്ചതായി പുറത്തുവിട്ടത്.
സമാധാനപദ്ധതി അംഗീകരിച്ചില്ലെങ്കിൽ ഹമാസിന് ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കരാർ അംഗീകരിക്കാനുള്ള അവസാന അവസരമാണിതെന്നും അതനുസരിച്ചില്ലെങ്കിൽ അല്ലാത്തപക്ഷം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയിരുന്നു.