
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഈ ആഴ്ച ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് തിങ്കളാഴ്ച പറഞ്ഞു. തീരുവകളും വ്യാപാര നിയന്ത്രണങ്ങളും പിന്‍വലിക്കാനുള്ള കരാര്‍ ചൈന ലംഘിച്ചുവെന്ന് ട്രംപ് ആരോപിച്ചതിന് ഏതാനും ദിവസങ്ങള്‍ക്കിപ്പുറമാണ് ഇരു നേതാക്കളും ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. എപ്പോഴാണ് കൂടിക്കാഴ്ചയെന്ന് വ്യക്തമല്ല.
നിര്‍ണായക ധാതുക്കളെക്കുറിച്ചുള്ള തര്‍ക്കവും ചില ധാതുക്കളുടെ കയറ്റുമതിയില്‍ ചൈനയുടെ നിയന്ത്രണങ്ങളും ഉള്‍പ്പെടെയുള്ള വ്യാപാര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ട്രംപും ഷിയും ‘വളരെ വേഗം’ സംസാരിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഞായറാഴ്ച സിബിഎസിലെ ‘ഫേസ് ദി നേഷന്‍’ എന്ന പരിപാടിയോട് പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച താന്‍ ഷിയുമായി സംസാരിക്കുമെന്ന് ഉറപ്പാണെന്ന് ട്രംപ് പ്രതികരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ജനീവയില്‍ ചൈനയുമായി യുഎസ് ട്രഷറി മേധാവി സ്‌കോട്ട് ബെസെന്റ് നടത്തിയ ചര്‍ച്ചകള്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ താല്‍ക്കാലികമായ ഒരു സമാധാനത്തിന് കാരണമായിരുന്നു. എന്നാല്‍ പിന്നീട് പുരോഗതി മന്ദഗതിയിലായിരുന്നു. 90 ദിവസത്തേക്ക് മൂന്നക്ക താരിഫ് പിന്‍വലിക്കാനുള്ള യുഎസ്-ചൈന കരാര്‍ ആഗോള ഓഹരികളില്‍ വന്‍ ആശ്വാസത്തിന് കാരണമായി.
അടിയന്തര അധികാര നിയമപ്രകാരം ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതികള്‍ക്ക് അമിത തീരുവ ചുമത്തുന്നതില്‍ ട്രംപ് തന്റെ അധികാരം മറികടന്നുവെന്ന് ബുധനാഴ്ച ഒരു യുഎസ് വ്യാപാര കോടതി വിധിച്ചു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍, ഒരു ഫെഡറല്‍ അപ്പീല്‍ കോടതി തീരുവകള്‍ പുനഃസ്ഥാപിക്കുകയും കീഴ്‌ക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യുകയുമായിരുന്നു.