
വാഷിംഗ്ടണ്‍: തീരുവ ഭൂതത്തെക്കാട്ടി ചൈനയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു. ഏഷ്യയിലെ ഒരു ഉച്ചകോടിക്കിടെ ഒക്ടോബര്‍ 30 ന് ദക്ഷിണ കൊറിയയില്‍ വെച്ചാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തുകയെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
അപൂര്‍വ ഭൗമ ധാതുക്കള്‍ കയറ്റുമതിയില്‍ ചൈന ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നവംബര്‍ മുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 100% അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നത്. വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ചു.
ഈ വര്‍ഷം ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 1 വരെ ജിയോങ്ജുവില്‍ നടക്കുന്ന ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ (അപെക്) ഭാഗമായാണ് നേതാക്കള്‍ ദക്ഷിണ കൊറിയയിലെത്തുക. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്നതിനാല്‍ ഷിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച വളരെ നിര്‍ണായകമാണ്. മാത്രമല്ല, ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം ഇരു നേതാക്കളും നേരിട്ട് കാണുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
Trump-Xi meeting to be held in South Korea on 30th of this month















