
വാഷിംഗ്ടൺ: അമേരിക്കയുൾപ്പെടെ വിവിധ രാജ്യങ്ങളില്‍ വിളവെടുപ്പിന് ശേഷം നടക്കുന്ന ആഘോഷമാണ് താങ്ക്‌സ് ഗിവിങ്. ഭക്ഷണം, കാർഷിക വിളവ്, വസ്ത്രം, സൗഹൃദം, സ്നേഹം തുടങ്ങിയവയ്ക്കെല്ലാം പൂർവികർക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കുമെല്ലാം നന്ദി അറിയിക്കാനുള്ളൊരു ദിനമാണിത്.
ഇക്കുറി പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താങ്ക്‌സ് ഗിവിങ് വിരുന്നില്‍ ‘പങ്കെടുത്ത്’ വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് ശതകോടീശ്വരനും ട്രംപിൻ്റെ വലംകയ്യുമായിരുന്ന ‘ഇലോൺ മസ്കും’. യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ പങ്കിട്ട ഫോട്ടോ വൈറലാകാൻ അധിക സമയം വേണ്ടിവന്നില്ല. “ഹാപ്പി താങ്ക്സ്ഗിവിംഗ്” എന്ന ലളിതമായ ക്യാപ്ഷനോടുകൂടിയാണ് അദ്ദേഹം എക്‌സിൽ ചിത്രം പോസ്റ്റ് ചെയ്തത്. ട്രംപ്, ടെസ്‌ല സ്ഥാപകൻ മസ്‌ക്, ഡോണൾഡ് ട്രംപ് ജൂനിയർ, ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ എന്നിവർക്കൊപ്പം ട്രംപിൻ്റെ ഔദ്യോഗിക യാത്രാ ഹെലികോപ്ടറായ എയർഫോഴ്സ് വണ്ണിലിരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയത്. ചിത്രം ശ്രദ്ധനേടാനുള്ള പ്രധാനകാരണം ഇത് മുമ്പത്തെ ഒരു ചിത്രത്തോട് തികച്ചും സാദൃശ്യം തോന്നിയതോടെയാണ്. ട്രംപ് ജൂനിയർ പോസ്റ്റ് ചെയ്ത 2024 നവംബറിലെ ഒരു ഫോട്ടോയുടെ അതേ പകർപ്പായിരുന്നു ഇത്. പഴയ ഫോട്ടോയിൽ മക്‌ഡൊണാൾഡിന്റെ ഭക്ഷണമായിരുന്നു മേശയിലുണ്ടായിരുന്നത്. ഇക്കുറി അത് എഡിറ്റ് ചെയ്ത് താങ്ക്സ് ഗിവിംഗിനു സമാനമാക്കിയതാണെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടു.
ഒരു താരതമ്യത്തിനായി പഴയ ചിത്രവും ഓൺലൈനിൽ പങ്കുവയ്ക്കപ്പെട്ടതോടെ ചർച്ച കൊഴുത്തു. ഇരു ചിത്രങ്ങളും പരിശോധിച്ച്, ട്രംപും മസ്കും അടക്കം ചിത്രങ്ങളിലുള്ള എല്ലാവരും അതേ വസ്ത്രങ്ങൾ ധരിച്ചും അതേ സ്ഥാനങ്ങളിൽ ഇരിക്കുന്നതായും എസ്ക് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. പഴയ ചിത്രത്തിൽ, ഫ്രൈസും കോക്കും നിറഞ്ഞ മക്‌ഡൊണാൾഡിന്റെ ഭക്ഷണമാണ് മേശപ്പുറത്തെന്ന് മാത്രം. ട്രംപിനെയും മസ്കിനെയും ഇങ്ങനെ ഒരുമിച്ച് കാണുന്നതിലെ സന്തോഷവും പലരും പങ്കുവെച്ചു. “ട്രംപിനെയും ഇലോണിനെയും ഈ ഗ്രൂപ്പിനൊപ്പം കാണുന്നത് ഇന്ന് എന്നെ വളരെ സന്തുഷ്ടനായ അമേരിക്കക്കാരനാക്കുന്നു.”- എന്നൊരാൾ കമൻ്റു ചെയ്തു.

ട്രംപിൻ്റെ അടുപ്പക്കാരനായിരുന്ന മസ്ക് പിന്നീട് വിമർശകനായി മാറിയിരുന്നു. എന്നാൽ അടുത്തിടെയായി വീണ്ടും ഇരുവരും വേദികൾ പങ്കിടുകയും അടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ട്രംപിൻ്റെ വിരുന്നിൽ മസ്കിൻ്റെ സാന്നിധ്യമുള്ള ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിൽ വിഭവ സമൃദ്ധമായ തീൻ മേശയുടെ ഒരു വശത്ത് ട്രംപും മസ്കും തോളോട് തോൾ ചേർന്ന് ഇരിക്കുന്നതും ടർക്കി, ചോളം, ബ്രസ്സൽസ് മുളകൾ, മാഷ്ഡ് പൊട്ടറ്റോ എന്നിവ നിറച്ച പ്ലേറ്റുകളും കാണാം.
ഈ മാസം ആദ്യം, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമൊത്തുള്ള ഒരു ഓവൽ ഓഫീസ് പരിപാടിയിൽ ട്രംപ് മസ്‌കിനോട് സംസാരിക്കുന്നതും വയറ്റിൽ തട്ടുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇലക്ട്രിക് വാഹന നികുതി ആനുകൂല്യങ്ങളെച്ചൊല്ലി ഇരുവരുടേയും ബന്ധം വഷളാകുന്നതിന് മുമ്പ്, ഡോജ് എന്നറിയപ്പെടുന്ന ട്രംപിന്റെ ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിന്റെ തലവനായിരുന്നു മസ്‌ക് .
Trump–Musk Thanksgiving picture became controversy.















