ട്രംപിൻ്റെ നടപടി നിയമവിരുദ്ധം , ഇന്ത്യയ്ക്കുമേലുള്ള 50% തീരുവ അവസാനിപ്പിക്കണം; പ്രമേയം അവതരിപ്പിച്ച് ഇന്ത്യൻ വംശജൻ രാജാ കൃഷ്ണമൂർത്തി ഉൾപ്പെടെ 3 യുഎസ് നിയമനിർമ്മാതാക്കൾ

വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 50 ശതമാനം വരെ തീരുവ ചുമത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രമേയം അവതരിപ്പിച്ച് യുഎസ് പ്രതിനിധി സഭയിലെ മൂന്ന് അംഗങ്ങൾ. ട്രംപിൻ്റെ നടപടികൾ നിയമവിരുദ്ധമാണെന്നും അമേരിക്കൻ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും ഉഭയകക്ഷി ബന്ധങ്ങൾക്കും ഇത് ദോഷകരമാണെന്നും വിശേഷിപ്പിച്ചായിരുന്നു നീക്കം. മാത്രമല്ല, ട്രംപിന്റെ ഏകപക്ഷീയമായ വ്യാപാര നടപടികളെ വെല്ലുവിളിക്കാനും ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം പുനഃസ്ഥാപിക്കാനും കോൺഗ്രസ് ഡെമോക്രാറ്റുകളുടെ വിശാലമായ നീക്കത്തിന്റെ ഭാഗമാണ് ഈ പ്രമേയം.

പ്രതിനിധികളായ ഡെബോറ റോസ്, മാർക്ക് വീസി, രാജ കൃഷ്ണമൂർത്തി എന്നിവരാണ് പ്രമേയം കൊണ്ടുവന്നത്. ബ്രസീലിനുമേലുള്ള സമാനമായ തീരുവകൾ അവസാനിപ്പിക്കാനും ഇറക്കുമതി തീരുവ ഉയർത്താൻ പ്രസിഡന്റ് അടിയന്തര അധികാരങ്ങൾ ഉപയോഗിക്കുന്നത് തടയാനുമുള്ള ഉഭയകക്ഷി സെനറ്റ് നടപടിയെ തുടർന്നാണിത്.

2025 ഓഗസ്റ്റ് 27 ന് ഇന്ത്യക്ക് ചുമത്തിയ 25 ശതമാനം പ്രതികാര തീരുവകൾ റദ്ദാക്കാൻ പ്രമേയം ശ്രമിക്കുന്നു. നേരത്തെ പരസ്പര താരിഫുകൾക്ക് പുറമേ, അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം (IEEPA) നിരവധി ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ ഒരുമിച്ച് 50 ശതമാനമായി ഉയർത്തിയിരുന്നു. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങിയത് പ്രസിഡൻ്റ് ട്രംപിനെ ചൊടിപ്പിച്ചതോടെയാണ് ഇന്ത്യക്കുള്ള തീരുവ 50 ശതമാനമായി ഉയർത്തിയത്. ഓഗസ്റ്റ് 1 മുതൽ ട്രംപ് ഇന്ത്യൻ സാധനങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തി, തുടർന്ന് ദിവസങ്ങൾക്ക് ശേഷം 25 ശതമാനം കൂടി വർദ്ധന വരുത്തി, ഇന്ത്യ റഷ്യൻ എണ്ണ തുടർച്ചയായി വാങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതോടെ മൊത്തം 50 ശതമാനമായി തീരുവ ഉയർന്നു. ഇന്ത്യ എണ്ണ വ്യാപാരത്തിലൂടെ റഷ്യക്ക് നൽകുന്ന പണം യുക്രെയ്നിലെ യുദ്ധത്തിനാണ് ഉപയോഗിക്കുന്നതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

“വാണിജ്യം, നിക്ഷേപം, ഊർജ്ജസ്വലമായ ഇന്ത്യൻ അമേരിക്കൻ സമൂഹം എന്നിവയിലൂടെ നോർത്ത് കരോലിനയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു,” കോൺഗ്രസ് വനിത റോസ് പറഞ്ഞു. ഇന്ത്യൻ കമ്പനികൾ സംസ്ഥാനത്ത് ഒരു ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇത് ലൈഫ് സയൻസസ്, ടെക്നോളജി തുടങ്ങിയ മേഖലകളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അതേസമയം നോർത്ത് കരോലിന നിർമ്മാതാക്കൾ ഇന്ത്യയിലേക്ക് പ്രതിവർഷം കോടിക്കണക്കിന് ഡോളർ സാധനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും അവർ എടുത്തുപറഞ്ഞു.

“ഇന്ത്യ ഒരു പ്രധാന സാംസ്കാരിക, സാമ്പത്തിക, തന്ത്രപരമായ പങ്കാളിയാണ്, ഈ നിയമവിരുദ്ധ താരിഫുകൾ ഇതിനകം തന്നെ വർദ്ധിച്ചുവരുന്ന ചെലവുകളുമായി പൊരുതുന്ന ദൈനംദിന നോർത്ത് ടെക്സസിലെ ജനങ്ങൾക്ക് ഒരു നികുതിഭാരമാണ്,” കോൺഗ്രസ് അംഗം വീസിയും ഇന്ത്യയെ അനുകൂലിച്ചു.

അതേസമയം, തീരുവകൾ പ്രതികൂലമാണെന്നും വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുന്നുവെന്നും ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസുകാരൻ രാജാ കൃഷ്ണമൂർത്തി പറഞ്ഞു. തീരുവ അമേരിക്കൻ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നുവെന്നും, ഉപഭോക്താക്കളുടെ ചെലവ് വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധിക തീരുവകൾ ഇല്ലാതാക്കിയാൽ യുഎസ്-ഇന്ത്യ സാമ്പത്തിക, സുരക്ഷാ സഹകരണം ശക്തിപ്പെടുത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒക്ടോബറിൽ റോസ്, വീസി, കൃഷ്ണമൂർത്തി എന്നിവരും കോൺഗ്രസ് അംഗം റോ ഖന്നയും മറ്റ് 19 കോൺഗ്രസ് അംഗങ്ങളും പ്രസിഡന്റിനോട് അദ്ദേഹത്തിന്റെ തീരുവ നയങ്ങൾ പിൻവലിക്കാനും ഇന്ത്യയുമായുള്ള വഷളായ ഉഭയകക്ഷി ബന്ധം നന്നാക്കാനും ആവശ്യപ്പെട്ടിരുന്നു.

Trump’s action is illegal, 50% tariff on India should be ended; 3 US lawmakers including Indian-origin Rajakrishnamurthy introduce resolution.

More Stories from this section

family-dental
witywide