വാഷിംഗ്ടൺ: അമേരിക്കയിലെ വിവിധ വകുപ്പുകളുടെ പുനഃസംഘടനയുടെയും ചെലവുചുരുക്കലിന്റെയും ഭാഗമായി ട്രംപ് ഭരണകൂടം നടപ്പാക്കുന്ന ‘‘ഡെഫേഡ് റെസിഗ്നേഷൻ ഓഫർ’ പ്രകാരം ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജി ഇന്ന്. സർക്കാർ സർവീസിൽ നിന്ന് ഇന്ന് ഒരു ലക്ഷം പേരാണ് രാജി വെക്കുന്നത്. അമേരിക്കയിൽ ആദ്യമായാണ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒറ്റദിവസം ഇത്രയും പേർ ഫെഡറൽ സർവീസിൽ നിന്ന് രാജിവയ്ക്കുന്നത്.
ട്രംപിൻ്റെ സ്വയം വിരമിക്കൽ പദ്ധതിയായ ‘ഡിഫറഡ് റെസിഗ്നേഷൻ’ ഓഫർ പ്രകാരം രാജിവയ്ക്കുന്നത് 2.75 ലക്ഷം പേരാണ്. തുടക്കത്തിൽ 8 മാസത്തെ ലീവിലേക്കാണ് ഇവരെ പറഞ്ഞുവിടുന്നത്. ഈ 8 മാസവും ശമ്പളവും ലഭിക്കും. വിരമിക്കൽ ആനുകൂല്യമായി മൊത്തം 14.8 ബില്യൻ ഡോളറിന്റെ, (1.30 ലക്ഷം കോടി രൂപ) ഭീമമായ ചെലവ് ട്രംപ് ഭരണകൂടം നേരിടേണ്ടി വരുമെങ്കിലും ഇത്രയും പേർ രാജിവയ്ക്കുന്നതു വഴി പ്രതിവർഷം 28 ബില്യൻ ഡോളർ (2.5 ലക്ഷം കോടി രൂപ) ഗവൺമെന്റിന് ലാഭിക്കാനാകുമെന്നാണ് വൈറ്റ്ഹൗസിൻ്റെ കണക്കുകൂട്ടൽ.
ട്രംപ് ഭരണകൂടം തുടരുന്ന കടുത്ത ഭരണ-സാമ്പത്തിക വെട്ടിക്കുറയ്ക്കലുകൾ ഗുരുതര പ്രതിസന്ധിയാണ് സർക്കാർ ജീവനക്കാരുടെ ഇടയിൽ സൃഷ്ടിക്കുന്നത്. ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും കുറയ്ക്കുന്നതടക്കമുള്ള നടപടികൾ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച പുതിയ സാമ്പത്തിക നയം പ്രകാരം നിരവധി ഫെഡറൽ വകുപ്പുകളിലും ഏജൻസികളിലും വൻ തോതിൽ ബജറ്റ് വെട്ടിക്കുറച്ചു. ഇതിന് പിന്നാലെയാണ് ട്രംപ് സ്വയം വിരമിക്കൽ പദ്ധതിയും നടപ്പിലാക്കുന്നത്.













