
യുഎസ് പ്രസിഡന്റ്‌റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍മരുമകള്‍ വനേസയും ഗോള്‍ഫ് ഇതിഹാസതാരം ടൈഗര്‍ വൂഡ്സും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. മാസങ്ങള്‍ക്കുമുമ്പാണ് പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് ടൈഗര്‍ വൂഡ്സ് എക്‌സില്‍ ഇരുവരുടേയും ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. അതിനിടെ ടൈഗര്‍ വൂഡ്സ് ബന്ധം വെളിപ്പെടുത്തിയത് ആരാധകരടക്കം ചര്‍ച്ചയാക്കിയിരുന്നു. വനേസയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ‘നീ എന്റെ കൂടെയുണ്ടെങ്കില്‍ ജീവിതം കൂടുതല്‍ സുന്ദരമാണെ’ന്ന് ടൈഗര്‍ വൂഡ്സ് എക്‌സില്‍ കുറിച്ചിരുന്നു.
വനേസയുമായി അടുത്ത വൃത്തങ്ങളാണ് ഇരുവരും വിവാഹത്തിനായി തയ്യാറെടുക്കുന്നു എന്ന വിവരം ചില മാധ്യമങ്ങളോട് പങ്കുവെച്ചിരിക്കുന്നത്.
2005 നവംബര്‍ 12ന് ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോ ക്ലബ്ബില്‍ വെച്ച് വനേസ ഡോണാള്‍ഡ് ട്രംപ് ജൂനിയറിനെ വിവാഹം കഴിച്ചു. 2018 മാര്‍ച്ചില്‍, വനേസ ന്യൂയോര്‍ക്കില്‍ വെച്ച് വിവാഹമോചനത്തിന് അപേക്ഷ നല്‍കി, ജൂലൈയില്‍ കുട്ടികളുടെ സംരക്ഷണ പ്രശ്‌നം പരിഹരിച്ചതിന് ശേഷം 2018 അവസാനത്തോടെ അവര്‍ പിരിയുകയും ചെയ്തു. ഇരുവര്‍ക്കും 5 കുട്ടികളുണ്ട്. ആദ്യകുട്ടി കയ് 2007-ലാണ് ജനിച്ചത്. വുഡ്‌സിന്റെ മക്കളായ ചാര്‍ലിയും സാമും പഠിക്കുന്ന അതേ സ്‌കൂളിലാണ് കയ് യും പഠിക്കുന്നത്.
സ്വീഡിഷ് മോഡല്‍ എലിന്‍ നോര്‍ഡെഗ്രെനെയാണ് വുഡ്‌സ് മുമ്പ് വിവാഹം കഴിച്ചത്. 2010-ല്‍ ഇരുവരും വിവാഹമോചനം നേടി. അതിനുശേഷം, ലിന്‍ഡ്‌സെ വോണ്‍, എറിക്ക ഹെര്‍മന്‍ എന്നിവരുമായും വൂഡ്‌സിന് ബന്ധമുണ്ടായിരുന്നു.















