‘ട്രംപിന്‍റെ ഗാസ പ്ലാൻ’ നെതന്യാഹുവിന് കുരിശാകുന്നു! ത്രിശങ്കുവിൽ പ്രധാനമന്ത്രി സ്ഥാനം, ഭരണപക്ഷത്തും പ്രതിപക്ഷത്തും നെതന്യാഹുനെതിരെ പടയൊരുക്കം

ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന പദ്ധതി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വലിയ ‘കുരിശാ’യി മാറുന്നു. ഈജിപ്തിൽ ഹമാസുമായുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ, ഇസ്രയേലിൽ നെതന്യാഹുവിന്റെ സർക്കാർ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഇരുവശത്തും കുടുങ്ങിയിരിക്കുകയാണ്. ഒരുവശത്ത്, സർക്കാരിനെ പിന്തുണയ്ക്കുന്ന തീവ്ര വലതുപക്ഷ പാർട്ടികൾ ട്രംപിന്റെ പദ്ധതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമ്പോൾ, മറുവശത്ത് പ്രതിപക്ഷ പാർട്ടികൾ ഈ പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു. പ്രതിപക്ഷം, പദ്ധതി നടപ്പാക്കിയില്ലെങ്കിൽ സർക്കാരിനെ താഴെയിറക്കുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്. ഇതോടെ നെതന്യാഹുവിന്‍റെ പ്രധാനമന്ത്രി സ്ഥാനവും സർക്കാരിന്‍റെ അവസ്ഥയും ത്രിശങ്കുവിലായിട്ടുണ്ട്.

നെതന്യാഹുവിന്റെ കൂട്ടുകക്ഷി സർക്കാരിലെ തീവ്ര വലതുപക്ഷ പാർട്ടികൾ, ട്രംപിന്റെ പദ്ധതി ഹമാസിന് മുന്നിൽ കീഴടങ്ങലാണെന്ന് വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, ഹമാസിനെ ഉന്മൂലനം ചെയ്യണമെന്നും സമാധാന കരാർ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. അദ്ദേഹം, പദ്ധതിയുമായി മുന്നോട്ടുപോയാൽ സർക്കാരിൽ നിന്ന് പിന്മാറുന്ന കാര്യം പരിഗണിക്കുമെന്നും ഭീഷണി ഉയർത്തി. ധനമന്ത്രി ബെസാലേൽ സ്‌മോട്രിച്ചും ഗാസയിലെ ആക്രമണങ്ങൾ നിർത്തുന്നത് ഹമാസിന് ശക്തി പകരുമെന്ന് മുന്നറിയിപ്പ് നൽകി.

പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിന് ശേഷം, ട്രംപിന്റെ 20 ഇന സമാധാന പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തമായി. ഇല്ലെങ്കിൽ സർക്കാരിനെ താഴെയിറക്കുമെന്ന് അവർ പ്രഖ്യാപിച്ചു. ഇസ്രയേൽ പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്ത നെതന്യാഹുവിന്റെ സർക്കാർ, സഖ്യകക്ഷികളായ ബെൻ ഗ്വിറിന്റെ (13 എംപിമാർ) ഒപ്പം സ്‌മോട്രിച്ചിന്റെ (14 എംപിമാർ) പാർട്ടികളുടെ പിന്തുണയിലാണ് ഭരണം നടത്തുന്നത്. ഈ പാർട്ടികൾ പിന്തുണ പിൻവലിച്ചാൽ, 2026 ഒക്ടോബർ വരെ കാലാവധിയുള്ള നെതന്യാഹു സർക്കാർ തകർച്ച നേരിടും.

ട്രംപിന്റെ പദ്ധതി പാളുമോ എന്ന ആശങ്കയോടൊപ്പം, നെതന്യാഹുവിന്റെ സർക്കാരിന്റെ സ്ഥിരതയും ചോദ്യചിഹ്നമായി നിൽക്കുന്നു. തീവ്ര വലതുപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഈ രാഷ്ട്രീയ സമ്മർദ്ദം, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ സങ്കീർണമാക്കുകയാണ്. ഇരുപക്ഷവും കടുത്ത നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ, ഇസ്രയേലിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാണ്.

More Stories from this section

family-dental
witywide