പെൻസിൽവാനിയയിൽ നടന്ന റാലിയിൽ തന്റെ 28 കാരി പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റിനെ അതിരുവിട്ട് വർണ്ണിച്ച് സംസാരിച്ച് ഡോണൾഡ് ട്രംപ് വീണ്ടും വിവാദത്തിലായി. “നമ്മുടെ സൂപ്പർ സ്റ്റാർ കരോലിൻ… അവൾക്ക് അതിസുന്ദരമായ മുഖമുണ്ട്. ടെലിവിഷനിൽ സംസാരിക്കുമ്പോൾ അവളുടെ ചുണ്ടുകൾ ചെറിയ മെഷീൻ ഗൺ പോലെയാണ്” എന്നായിരുന്നു 79-കാരനായ ട്രംപിന്റെ വാക്കുകൾ. ജനക്കൂട്ടം ആർത്തുവിളിച്ച് പ്രതികരിച്ചതോടെ ട്രംപ് കൂടുതൽ ഉത്സാഹത്തോടെ പുകഴ്ത്തിക്കൊണ്ടേയിരുന്നു.
50 വർഷത്തിലേറെ പ്രായവ്യത്യാസമുള്ള യുവതിയെ ഇങ്ങനെ വിശേഷിപ്പിച്ചത് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനത്തിന് കാരണമായി. “അനുചിതവും ലൈംഗിക ചുവയുള്ളതുമായ പരാമർശം” എന്നാണ് ഭൂരിഭാഗം കമന്റുകളും. ട്രംപിന്റെ വാക്കുകൾ ഒരു പ്രസിഡന്റിന് ചേർന്നതല്ലെന്നും സ്ത്രീകളെ വെറും ശാരീരിക സൗന്ദര്യത്തിന്റെ മാത്രം അളവുകോലിൽ നിർത്തുന്ന മനോഭാവമാണ് ഇതിലുണ്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടി.
ഇതാദ്യമല്ല ട്രംപിന്റെ പ്രസ് സെക്രട്ടറിമാരെ ഇത്തരത്തിൽ പരസ്യമായി പുകഴ്ത്തി അദ്ദേഹം വിവാദത്തിലാകുന്നത്. നേരത്തെ കെയ്‌ലി മക്‌ഇനാനിയെയും സാറാ സാൻഡേഴ്സിനെയും സമാന രീതിയിൽ “അതിസുന്ദരികൾ” എന്ന് വിശേഷിപ്പിച്ച് ട്രംപ് വിവാദമായിരുന്നു. പുതിയ പരാമർശത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ #SexistTrump ട്രെൻഡ് ചെയ്യുകയും ചെയ്തു.














