ട്രംപിന്റെ ‘നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി 2025’ പ്രസിദ്ധീകരിച്ചു; ഇന്ത്യ പ്രധാന പങ്കാളി, കൂട്ട കുടിയേറ്റത്തിന്റെ യുഗം അവസാനിച്ചു

വാഷിംങ്ടൺ: അമേരിക്കയുടെ വിദേശ-സുരക്ഷാ നയത്തിന് പുതിയ ദിശ നൽകുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ ‘നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി 2025’ റിപ്പോര്‍ട്ടിൽ ഇന്ത്യക്ക് സുപ്രധാന സ്ഥാനം. 29 പേജുള്ള രേഖയില്‍ ഇന്ത്യയെ നാലു തവണയാണ് പരാമര്‍ശിക്കുന്നത്. റിപ്പോര്‍ട്ടിലെ ആദ്യ പരാമര്‍ശം ഇന്ത്യ–പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തമ്മില്‍ സമാധാനം കൊണ്ടുവന്നതില്‍ താനുണ്ടായ പങ്കിനെ കുറിച്ചാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ഇന്ത്യ- പാക് സംഘർഷം താനാണ് അവസാനിപ്പിച്ചതെന്ന് ട്രംപ് വീണ്ടും ആവർത്തിക്കുകയാണ്.

സ്ട്രാറ്റജിയുടെ മറ്റൊരു പ്രധാന ഭാഗത്തില്‍ അമേരിക്കയുടെ ഏഷ്യന്‍ കൂട്ടാളികളുമായുള്ള ബന്ധം വളര്‍ത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. വാണിജ്യ രംഗത്തും മറ്റു മേഖലകളിലും ഇന്ത്യയുമായി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തണം. ഇന്‍ഡോ-പസഫിക് മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്ക് വഹിക്കണം. അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവ ഉള്‍പ്പെട്ട ക്വാഡ് സഹകരണം തുടരണമെന്നും ശക്തിപ്പെടുത്തണമെന്നും സ്ട്രാറ്റജിയിൽ പറയുന്നു.

നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജിയിൽ 2025 മെയ് മാസത്തില്‍ ട്രംപ് നടത്തിയ ഗള്‍ഫ് സന്ദര്‍ശനത്തെ വീണ്ടും എടുത്ത് പറയുന്നുണ്ട്. അമേരിക്കന്‍ സാങ്കേതികവിദ്യയുടെ ശക്തി അവിടെ തെളിയിച്ചതായും, ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ നേടിയതായും വിശദീകരിക്കുന്നു. അതു പോലെ തന്നെ യൂറോപ്പും ഏഷ്യയും ഉള്‍പ്പെടെയുള്ള കൂട്ടാളികളെയും, ഇന്ത്യയെയും പങ്കാളിയാക്കി പാശ്ചാത്യ രാജ്യങ്ങളിലും ആഫ്രിക്കയിലെ നിര്‍ണായക മേഖലകളിലും സംയുക്ത നിലപാടുകള്‍ ഉറപ്പാക്കണമെന്നും സ്ട്രാറ്റജിയിൽ പറയുന്നു.

ചൈനയുടെ സമുദ്രമേഖലയിലെ കടന്നുകയറ്റത്തിലെ ആശങ്കയും വ്യക്തമാക്കുന്നുണ്ട്. കടലാമാര്‍ഗങ്ങള്‍ ഒരു രാജ്യത്തിന്റെ ഏകപക്ഷീയ നിയന്ത്രണത്തിന് വിധേയമാകാതിരിക്കാന്‍ നാവിക ശേഷി വര്‍ധിപ്പിക്കണമെന്നും, ഇന്ത്യ മുതൽ ജപ്പാന്‍ വരെയുള്ള രാജ്യങ്ങളുടെ സഹകരണം ഉറപ്പാക്കണമെന്നും സ്ട്രാറ്റജിയിൽ മുന്നറിയിപ്പ് നല്‍കുന്നു.

സ്ട്രാറ്റജിയുടെ ഏറ്റവും ശ്രദ്ധേയമായ ഭാഗമാണ് യുഎസിന്റെ കുടിയേറ്റ നയത്തെക്കുറിച്ചുള്ള കർശന മുന്നറിയിപ്പ്. വ്യാപകമായ കുടിയേറ്റം ലോകം മുഴുവന്‍ രാജ്യങ്ങളുടെ സാമൂഹിക ഏകതയെ തകര്‍ത്തു, തൊഴില്‍ വിപണിയെ ദുര്‍ബലമാക്കി, ദേശീയ സുരക്ഷയെ ബാധിച്ചു. അതിനാല്‍ വ്യാപകമായ കുടിയേറ്റത്തിന്റെ കാലം അവസാനിക്കണം. അതിര്‍ത്തി സുരക്ഷയാണ് ദേശീയ സുരക്ഷയുടെ മുഖ്യ ഘടകമെന്നും പറയുന്നു.

നിയന്ത്രണമില്ലാത്ത കുടിയേറ്റം മാത്രമല്ല, ഭീകരവാദം, ലഹരി കടത്ത്, ചാരവൃത്തി, മനുഷ്യക്കടത്ത് എന്നിവയില്‍നിന്നും രാജ്യം സംരക്ഷിക്കണം. അമേരിക്കയുടെ അതിര്‍ത്തി ജനങ്ങളുടെ ഭാവിയുടെയും റിപ്പബ്ലിക്കിന്റെ നിലനില്‍പിന്റെയും അടിസ്ഥാനമാണെന്നും നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജിയിൽ പറയുന്നു.

Trump’s ‘National Security Strategy 2025’ published; India is a key partner, the era of mass immigration is over

More Stories from this section

family-dental
witywide