വാഷിങ്ടൺ: യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടത് സംഘടനകളെ ഇത്തവണയും ലക്ഷ്യമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. നാല് യൂറോപ്യൻ ഇടതുപക്ഷ ഗ്രൂപ്പുകളെ തീവ്രവാദ സംഘടനകളായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. തീവ്ര വലതുപക്ഷ വക്താക്കളില്‍ പ്രധാനിയായിരുന്ന ചാർളി കിർക്കിന്റെ കൊലപാതകത്തിനു ശേഷം ഇടതുപക്ഷ ഗ്രൂപ്പുകൾക്കെതിരെയുള്ള ട്രംപിന്റെ നടപടിയുടെ ഭാഗമായാണ് ഈ നീക്കം.
2003-ൽ യൂറോപ്യൻ കമ്മീഷന്റെ അന്നത്തെ പ്രസിഡന്റിന് സ്ഫോടന ദ്രവ്യങ്ങളടങ്ങിയ പാക്കേജുകൾ അയച്ച ഒരു ഇറ്റാലിയൻ അനാർക്കിസറ്റ് ഫ്രണ്ട്, ഏഥൻസിലെ പൊലീസ്- തൊഴിൽ വകുപ്പ് കെട്ടിടങ്ങൾക്കും പുറത്ത് ബോംബുകൾ സ്ഥാപിച്ചതായി കരുതപ്പെടുന്ന രണ്ട് ഗ്രീക്ക് നെറ്റ്‌വർക്കുകൾ, ഡ്രെസ്ഡനിൽ നിയോ- നാസികൾക്കെതിരെ നടത്തിയ ആക്രമണത്തിന് ജർമ്മൻ അധികാരികൾ അംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്ത ഒരു ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പ് എന്നിവയെയാണ് തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം അമേരിക്കയിൽ ഇവയെല്ലാം നിർജീവമാണ്. തീവ്ര വലതുപക്ഷക്കാരനായ അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഭാവിമുഖം, ഭാവി അമേരിക്കൻ പ്രസിഡന്റ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തൻ എന്നിങ്ങനെയെല്ലാം വാഴ്ത്തു പേരുള്ള ചാർളി കിർക്ക് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വെടിയേറ്റ് മരിച്ചത്. കടുത്ത യാഥാസ്ഥിതിക- വലത് ആശയങ്ങളുടെ വക്താവായിരുന്നു ചാർളി കിർക്ക്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ എന്ന മാഗാ പ്രസ്ഥാനത്തിന്റെ പ്രധാന വക്താവായിരുന്ന ഇദ്ദേഹം ഡിജിറ്റൽ യുഗത്തിൽ അമേരിക്കയിൽ വലതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിൽ പ്രധാനിയായിരുന്നു.
Trump’s next tough move; Four European left-wing groups declared terrorist organizations















