വാഷിങ്ടണ്‍: ഇന്ത്യൻ ജനതയെ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി വെറുക്കുന്നു എന്ന ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മകൻ എറിക് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് എറിക്കിന്‍റെ പരാമർശം. ഒരിക്കൽ ന്യൂയോർക്ക് ലോകത്തിലെ ഏറ്റവും മഹത്തായ നഗരമായിരുന്നുവെന്നും എന്നാൽ ഇന്ന് എല്ലാം നശിച്ച സ്ഥിതിയാണെന്നും എറിക് പറഞ്ഞു.
പലചരക്ക് കടകൾ ദേശസാൽക്കരിക്കാൻ ആഗ്രഹിക്കുന്ന, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന, ജൂത ജനതയെ വെറുക്കുന്ന, ഇന്ത്യൻ ജനതയെ വെറുക്കുന്ന ഒരു സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആണ് മംദാനിയെന്നാണ് എറിക്കിന്‍റെ ആരോപണം. സുരക്ഷിതവും വൃത്തിയുള്ള തെരുവുകൾ, ന്യായമായ നികുതികൾ പോലുള്ള ലളിതമായ അടിസ്ഥാന കാര്യങ്ങളിൽ നിയുക്ത മേയർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എറിക് ആവശ്യപ്പെട്ടു.
തീവ്ര ഇടതുപക്ഷ അജണ്ടയിലൂടെയാണ് അമേരിക്കയിലെ പ്രധാന നഗരങ്ങൾ ഇപ്പോൾ കടന്നുപോകുന്നതെന്നും ഇതാണ് നഗരങ്ങളുടെ മോശം അവസ്ഥയ്ക്ക് കാരണമെന്നും എറിക് പറഞ്ഞു. ഒരു കാലത്ത് ഈ നഗരം ലോകത്തിലെ ഏറ്റവും മഹത്തായ നഗരം ആയിരുന്നു. എന്നാൽ രാഷ്ട്രീയം കാരണം ഇപ്പോൾ ആ പദവി നഷ്ടപ്പെട്ടു. സോഷ്യലിസ്റ്റ് നയങ്ങൾ കാരണം വൻകിട കമ്പനികൾ ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് എറിക് കൂട്ടിച്ചേർത്തു.
Trump’s son slams New York Mayor Mandani; he doesn’t like Indians or Jews












